കുഞ്ചാക്കോ ബോബനൊപ്പം എനിക്ക് അഭിനയിക്കാനായി എന്റെ അച്ഛൻ എടുത്ത സിനിമയല്ല ‘പ്രിയം’- ദീപാ നായർ

കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം എന്ന ചിത്രം നിർമിച്ചത് തന്റെ അച്ഛനാണെന്ന പ്രചാരണം തള്ളിക്കളഞ്ഞ് ഈ ചിത്രത്തിലെ നായികയായ ദീപാ നായർ. സിനിമ റിലീസായി 26 വർഷങ്ങൾക്കുശേഷമാണ് ദീപ ഈ വിഷയത്തിലെ തെറ്റിദ്ധാരണകൾ നീക്കിയത്. കെ.കെ. നായരാണ് പ്രിയം എന്ന ചിത്രം നിർമിച്ചത്. അവർ ആകെ ഈ ഒരു ചിത്രം മാത്രമേ നിർമിച്ചിട്ടുള്ളൂ. പ്രിയം എന്ന ചിത്രത്തിന്റെ നിർമാതാവിന്റെ കൊച്ചുമകൾ ഇക്കാര്യം തന്നോട് സൂചിപ്പിച്ച് സംസാരിച്ചപ്പോൾ ഏറെ സങ്കടം തോന്നിയെന്നും അവർ സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞു.
കുഞ്ചാക്കോ ബോബനോടൊന്നിച്ച് അഭിനയിക്കാനായി തന്റെ അച്ഛനാണ് പ്രിയം എന്ന സിനിമ നിർമിച്ചത് എന്നൊരു കഥ എങ്ങനെയോ പ്രചരിച്ചിരുന്നുവെന്ന് ദീപ പറഞ്ഞു. എന്നാൽ അത് സത്യമല്ല. ആ സിനിമയുടെ നിർമാതാവ് കെ.കെ. നായരാണ്. ചിത്രത്തിന്റെ ക്രെഡിറ്റ് പലപ്പോഴും താൻ പോലുമറിയാതെ തന്റെ അച്ഛനിലേക്ക് എത്തിയതിൽ ആ കുടുംബത്തിന് വലിയ വിഷമമുണ്ട്. സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ഛായാഗ്രാഹകൻ വിപിൻ മോഹൻ വഴിയാണ് ആ അവസരം തന്നെ തേടിയെത്തിയത് എന്നും ദീപാ നായർ വെളിപ്പെടുത്തി.
‘വിപിൻ മോഹൻ, അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ ആന്റി എന്നിവർ ഒരിക്കൽ ഒരു മാസികയിൽ എന്റെ ചിത്രം കണ്ടതുകൊണ്ട് വീട്ടിൽ വന്നു. അവരുടെ മൂത്ത മകനും ഞാനും എൽകെജിയിൽ ഒരുമിച്ചാണ് പഠിച്ചത്. അവരുടെ ഇളയ മകൾ മഞ്ജിമ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരു കുഴപ്പവുമില്ല. ധൈര്യമായി വന്നോളൂ എന്നും അങ്കിളും ആന്റിയും പറഞ്ഞു. എന്നിട്ടും അമ്മയ്ക്കും അച്ഛനും ആദ്യം ചെറിയ പേടിയും മടിയും ഉണ്ടായിരുന്നു. ഇതൊരു നല്ല തീരുമാനമാണോ എന്ന് അവർക്ക് സംശയമുണ്ടായിരുന്നു. എങ്കിലും അന്ന് പറഞ്ഞ ആ ‘യെസ്’ ആണ് ഇന്നും എനിക്ക് ഇത്രയും സ്നേഹം നേടിത്തരുന്നത്.
പിന്നീടൊരു സിനിമയിലും അഭിനയിക്കാതിരുന്നത് പ്രിയത്തിലെ അനുഭവം അത്ര മോശമായിരുന്നതുകൊണ്ടാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. എന്തായാലും അതല്ല കാരണം. പ്രിയം സിനിമയുടെ സെറ്റ് കുട്ടികളൊക്കെയായി അത്രയും രസമായിരുന്നു. സിനിമയിലേക്കുള്ള എന്റെ എൻട്രി പോലെത്തന്നെ അപ്രതീക്ഷിതമായിരുന്നു എക്സിറ്റും. പ്രിയം കഴിഞ്ഞപ്പോൾ രണ്ട് മൂന്ന് സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. പക്ഷേ അതൊന്നും എന്റെ എഞ്ചിനീയറിങ് പഠനം കളഞ്ഞുപോയി ചെയ്യാൻ മാത്രം നല്ല കഥാപാത്രങ്ങളായിരുന്നില്ല. അപ്പോൾ, എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ഇനി സിനിമകൾ ചെയ്യാമെന്ന് ഞാനും അച്ഛനും അമ്മയും ചേർന്ന് തീരുമാനമെടുത്തു.
സത്യം പറഞ്ഞാൽ പഠനം കഴിഞ്ഞ ശേഷം ഒറ്റ അവസരം പോലും വന്നില്ല. ഒന്നര- ഒന്നേമുക്കാൽ വർഷമായിരുന്നു ഞാൻ ഗ്യാപ്പ് എടുത്തത്. ആ സമയത്തിനുള്ളിൽ എന്റെ പ്രസ്ക്തി നഷ്ടമായി എന്നതാണ് സത്യം. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ സജീവമായ കാലമല്ല അത്. എന്റെ പ്രവർത്തന മേഖലയും സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നില്ല. അങ്ങനെ ആളുകൾ എന്നെ മറന്നുപോയി എന്നതാണ് വസ്തുത. മാത്രമല്ല, ആ സമയത്ത് നവ്യാ നായർ, മീര ജാസ്മിൻ ഭാവന തുടങ്ങിയ നല്ല മിടുക്കികളായിട്ടുള്ള ഒരുപാട് നായികമാർ വന്നു. അപ്പോൾ ഇങ്ങനെയൊരാളുണ്ട് എന്ന കാര്യം തന്നെ ആളുകൾ മറന്നുപോയി എന്നതാണ് ശരിക്കും സംഭവിച്ചത്.
പഠിത്തത്തിൽ അത്ര മോശമല്ലാത്തതുകൊണ്ട്, എനിക്ക് തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പുറത്തു പോയി മാസ്റ്റേഴ്സ് ചെയ്യണമെന്നും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ചെയ്യുന്നത്. മാസ്റ്റേഴ്സ് കഴിഞ്ഞയുടനെ ജോലിയും ആരംഭിച്ചു. അങ്ങനെയാണ് സിനിമയിൽ നിന്ന് പൂർണമായി മാറിപ്പോയത്.’- ദീപാ നായരുടെ വാക്കുകൾ.
Content Highlights: Deepa Nayar clarifies that her father did not produce the movie 'Priyam'; the producer was K.K. Nair., Her entry into cinema was facilitated by cinematographer Vipin Mohan., She left the film industry to pursue her engineering degree and a Master's from Melbourne University., Deepa explains her relevance faded during her academic break as new actresses rose to prominence.