'ആരും കൃത്യമായ അനുമതി വാങ്ങിയിട്ടില്ല', വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കുന്നതിനെതിരെ ഭാര്യ

വിജയകാന്ത്, സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ വിജയകാന്തിനൊപ്പം വിജയ് | PHOTO: UNI, SCREENGRAB
വിജയകാന്ത്, സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ വിജയകാന്തിനൊപ്പം വിജയ് | PHOTO: UNI, SCREENGRAB

അന്തരിച്ച നടൻ വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും സ്ക്രീനിലെത്തിക്കുന്നതിന് കുടുംബത്തിൻ്റെ അനുമതി വാങ്ങണമെന്ന് ഭാര്യ പ്രേമലത. വിജയകാന്തിനെ സ്‌ക്രീനിലെത്തിക്കുന്നതിന് ഒരു സിനിമാക്കാരും ഇതുവരെ കൃത്യമായ അനുമതി വാങ്ങിയിട്ടില്ലെന്ന് പ്രേമലത പറഞ്ഞു. നടൻ സിനിമയിലുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിനും അനുമതി വേണമെന്ന് അവർ ചൂണ്ടിക്കാട്ടി. 

വിജയ് നായകനായെത്തുന്ന വെങ്കട് പ്രഭു ചിത്രം ​'ഗോട്ട് -ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിൽ വിജയകാന്തിൻ്റെ സാന്നിധ്യമുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മിൽട്ടൺ ഒരുക്കുന്ന ​'മഴൈ പിടിക്കാത്ത മനിതനി​'ലും വിജയകാന്ത് ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

വെങ്കട്ട് പ്രഭു സംവിധാനം ചിത്രത്തിൽ വിജയകാന്ത് ഉണ്ടാകുമെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ തന്നെയാണ് നേരത്തെ അറിയിച്ചത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നേരത്തെ വിജയകാന്തിന്റെ ഭാര്യയും ഡി.എം.ഡി.കെ നേതാവുമായ പ്രേമലത ഇക്കാര്യം പറഞ്ഞത്. എ.ഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് വിജയകാന്തിനെ പുനഃസൃഷ്ടിക്കുന്ന കാര്യത്തേക്കുറിച്ച് വിജയ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി  ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നായിരുന്നു അന്ന പ്രേമലത വ്യക്തമാക്കിയത്.

"ഷണ്മുഖപാണ്ഡ്യനുമായി ചർച്ച നടത്താനായി സംവിധായകൻ വെങ്കട്ട് പ്രഭു നാലഞ്ച് തവണ വീട്ടിൽ വരികയും പലവട്ടം ചർച്ചകൾനടത്തുകയും ചെയ്തു. എന്നെ വന്നു കാണണമെന്ന് വെങ്കട്ട് പ്രഭു അഭ്യർത്ഥിച്ചിരുന്നു. ഞാനിപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് വന്നിരിക്കുകയാണ്. ​ഗോട്ട് എന്ന ചിത്രത്തിൽ എ.ഐ സഹായത്തോടെ ക്യാപ്റ്റനെ വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അവർ അനുവാദം ചോദിച്ചിരിക്കുന്നത്. എന്നെ നേരിൽക്കാണണമെന്ന് വിജയ് യും ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യാപ്റ്റൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് അദ്ദേഹത്തിന്റെ വീക്ഷണകോണിൽ കാണാനാണ് ഞാൻ ശ്രമിക്കുന്നത്. വിജയ് സിനിമയിൽ വന്ന സമയത്ത് അദ്ദേഹം നായകനായ സിന്ദൂരപാണ്ഡി എന്ന ചിത്രത്തിൽ വിജയകാന്ത് അഭിനയിക്കുകയും വിജയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. വിജയിനേയും പിതാവ് എസ്.എ. ചന്ദ്രശേഖറിനേയും ക്യാപ്റ്റന് വളരെ ഇഷ്ടമായിരുന്നു. 17 ചിത്രങ്ങളിലാണ് ചന്ദ്രശേഖറും വിജയകാന്തും ഒരുമിച്ച് പ്രവർത്തിച്ചത്. ക്യാപ്റ്റനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും നോ പറയില്ല. ഞാനും ഇതുതന്നെയാണ് അവരോടുപറഞ്ഞത്.", പ്രേമലതയുടെ വാക്കുകൾ. 

എന്നാൽ ഇപ്പോൾ പ്രേമലത നടത്തിയ പരാമർശങ്ങൾ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ജയറാം, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. 

Content Highlights: premalatha about filmmakers using late actor vijayakanth through AI in movies