'ഒരു മുതിർന്ന നേതാവിന്റെ കണ്ണീരും ചോരയും, തീക്ഷ്ണമാണ് പ്രതിഛായ'; കെ.പി. സുധീരയുടെ ശബ്ദസന്ദേശം

#മൂവി ഡെസ്ക്
കെ.പി. സുധീര, പ്രതിഛായ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: പി.പി. ബിനോജ് \ മാതൃഭൂമി, Facebook
കെ.പി. സുധീര, പ്രതിഛായ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: പി.പി. ബിനോജ് \ മാതൃഭൂമി, Facebook

പ്രതിഛായ എന്ന ചിത്രത്തേക്കുറിച്ച് എഴുത്തുകാരി കെ.പി. സുധീര പറഞ്ഞ വാക്കുകൾ പങ്കുവെച്ച്‌ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. പ്രതിഛായയുടെ റിലീസ് ദിവസം മുതൽ ധാരാളം സന്ദേശങ്ങൾ തനിക്കുവരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കെ.പി. സുധീരയുടെ വോയിസ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നതായും ബാലചന്ദ്ര മേനോൻ പറഞ്ഞു.

കെ.പി. സുധീരയുടെ സന്ദേശം ഇങ്ങനെ:

"ഒരു മുതിർന്ന നേതാവിന്റെ കണ്ണീരും ചോരയുമാണ് ബി. ഉണ്ണിക്കൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച, ശ്രീ ഗോകുലം മൂവീസ് നിർമിച്ച പ്രതിഛായ. സിനിമ കണ്ടശേഷം വികാരഭരിതമായ ഹൃദയത്തോടുകൂടിയാണ് ഞാൻ നിൽക്കുന്നത്. കാരണം രാഷ്ട്രീയം പ്രമേയമായി ഉണ്ടാക്കിയ ഒരു സിനിമയ്ക്ക് ഇത്രയധികം മനുഷ്യ ഹൃദയങ്ങളിൽ വികാരഭരിതമാക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോഴാണ് മനസിലാക്കിയത്. സിനിമയുടെ കേന്ദ്ര കഥാപാത്രമായ കെ.എൻ. വർഗീസ് എന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രം മേനോന്റെ ചിരപ്രതിഷ്ഠിതമായ അഭിനയത്തെ പുതുക്കിപ്പണിയുകയാണെന്ന് എനിക്ക് തോന്നി.

നിരപരാധിയായ ഒരു രാഷ്ട്രീയ നേതാവിന്റെ ഹൃദയ ശുഭ്രതയുടെ പ്രതിഛായ തകർത്ത് തരിപ്പണമാക്കുന്ന കാഴ്ച ശരിക്കും പ്രേക്ഷകരെ വേദനിപ്പിക്കും കേട്ടോ. ആദ്യത്തെ പകുതിയിൽ അതിഗംഭീരമായി അച്ഛനായി ബാലചന്ദ്ര മേനോൻ അഭിനയിച്ചു തകർത്തു. രണ്ടാമത്തെ പകുതി മകനായ നിവിൻ പോളിയും. പക്ഷേ ഈ സിനിമയിൽ ഉടനീളം കെ.എൻ. വർഗീസ് എന്ന കേന്ദ്രകഥാപാത്രം നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ, മുഖ്യമന്ത്രി കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയിൽ ഉടനീളമുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ കാണിച്ച ഔചിത്യം ഈ സിനിമയുടെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

എല്ലാവരും വളരെ നൈസർഗികമായ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. പച്ചമനുഷ്യരുടെ കദനങ്ങളോട് കാരുണ്യവും കശ്മലതയോട് വെറുപ്പും കാണിച്ച ഒരു മുഖ്യമന്ത്രിയുടെ ജീവിതമാണ് നമ്മളിതിൽ കാണുന്നത്. അതിന്റെ ഗുണവും ദോഷവും കാണിക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ വൈരുധ്യവൈചിത്ര്യാദികൾ നമ്മളെ അമ്പരപ്പിക്കും. നിത്യം കാണുന്ന കാഴ്ചകൾതന്നെയാണ്. രാഷ്ട്രീയത്തിനോടുള്ള കൂറ് വ്യക്തികളോടല്ല, സാഹചര്യങ്ങളോടാണ് എന്ന പാഠമാണ് ചിത്രം പറയുന്നത്.

മുഖ്യമന്ത്രിയുടെ കഥാപാത്രം പറയുന്നുണ്ട്, നൂറ് തെറ്റുചെയ്യുമ്പോൾ നൂറ് ശരിയും ചെയ്യുന്നുണ്ടെന്ന്. ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, അതുപോലെ ഒരു കുടുംബകഥ എന്നിവയെല്ലാം ഈ സിനിമയിലുണ്ട്. വളരെ ശക്തമായ സംഭാഷണങ്ങളാണ് സിനിമയിൽ കൊടുത്തിട്ടുള്ളത്. തിരക്കഥയും അഭിനന്ദനാർഹമാണ്. ഈ സിനിമയുടെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചിട്ടുള്ള എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കുടുംബസമേതം കാണാൻപറ്റുന്ന വികാരതീവ്രമായ നല്ലൊരു ചിത്രമാണ് പ്രതിഛായ."

Content Highlights: Renowned writer K.P. Sudheera offers a moving tribute to the film Prathichaya, praising Balachandra Menon’s portrayal of a Chief Minister and the intense father-son dynamic shared with Nivin Pauly.