ഫാമിലി ത്രില്ലർ, പ്രചോദനം യഥാർത്ഥ സംഭവം; പത്താം വളവ് തയ്യാർ

പത്താം വളവിൽ സുരാജ് വെഞ്ഞാറമ്മൂട് | Photo: PRO
പത്താം വളവിൽ സുരാജ് വെഞ്ഞാറമ്മൂട് | Photo: PRO

ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് എന്ന ചിത്രം പൂർത്തിയായി. ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കേരളം ഏറെ ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തികഞ്ഞ ഫാമിലി ത്രില്ലറായി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. അജ്മൽ അമീറാണ് മറ്റൊരു പ്രധാനവേഷത്തിൽ. നടി മുക്തയുടെ മകളായ കൺമണി ഈ ചിത്രത്തിലെ സുപ്രധാനമായ വേഷത്തിലൂടെ അഭിനയ രംഗത്തെത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, അനീഷ്. ജി. മേനോൻ , രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ, തുഷാര എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.

ഹരിനാരായണൻ, വിനായക് ശശികുമാർ, അജീഷ് ദാസൻ, എസ്.കെ.സജീഷ് എന്നിവരുടെ ഗാനങ്ങൾക്ക്  ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. രതീഷ് റാം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും രാജീവ് കോവിലകം കലാസംവിധാനവും നിർവ്വഹിക്കുന്നു. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യൂം ഡിസൈൻ- അയിഷാ സഫീർ. നിശ്ചല ഛായാഗ്രഹണം - മോഹൻ സുരഭി, സേതു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്ണ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷിഹാബ് വെണ്ണല. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്. വാർത്താ പ്രചരണം- വാഴൂർ ജോസ്.

യു.ജി.എം. എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ നിഥിൻ കെനി, എന്നിവർ ചേർന്നാണ് നിർമ്മാണം.

Content Highlights: Pathaam Valavu, Suraj Venjarammood, Indrajith Sukumaran