പാർവതി നായികയാവുന്ന 'ഉള്ളൊഴുക്ക്' പ്രൊമോ വീഡിയോ പുറത്ത്; ടീസർ ജൂൺ 3-ന്

പാർവതിയെയും ഉർവശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. പാർവതിയും പ്രശാന്ത് മുരളിയും അവതരിപ്പിക്കുന്ന നവദമ്പതികളുടെ ഒരു സംഭാഷണമാണ് പ്രൊമോ വീഡിയോയിൽ കാണാൻ കഴിയുക. ചിത്രത്തിന്റെ ടീസർ ജൂൺ 3-ന് പുറത്തിറങ്ങുമെന്നും പ്രൊമോ വീഡിയോയിൽ പറയുന്നുണ്ട്.
റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്ററിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.
2018-ൽ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടന്ന 'സിനിസ്ഥാൻ ഇന്ത്യ' തിരക്കഥ മത്സരത്തിൽ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ സിനിമയാകുന്നത്. ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ആമിർ ഖാന്റെ നിർമ്മാണത്തിൽ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ 'ലാപതാ ലേഡീസ്' എന്ന തിരക്കഥയ്ക്കായിരുന്നു.
ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ പുരസ്കാരങ്ങളിൽ നോൺ-ഫീച്ചർ സെക്ഷനിൽ മികച്ച സംവിധായകനുള്ള സ്വർണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോർട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാർഡ്‌സിൽ നോൺ-ഫീച്ചർ സെക്ഷനിൽ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അസോസിയേറ്റ് പ്രൊഡ്യൂസർ: പഷൻ ലാൽ, സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വർക്ക്സ് കൊച്ചി, പിആർഒ: ആതിര ദിൽജിത്ത്
Content Highlights: parvathy thiruvoth new movie ullozhukku promo video out