മലയാളത്തിൽ ആദ്യ 'പരിപാടി'യുമായി യുവൻ ശങ്കർ രാജ; ജോജു ജോർജ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ഗാനവും പുറത്ത്

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പരിപാടി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബറിൽ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ജോജു ജോർജിൻ്റെ സംവിധാന അരങ്ങേറ്റമായ 'പണി'യുടെ അതേ ഴോണറിലുള്ള സിനിമയായാണ് 'പരിപാടി' ഒരുക്കുന്നത്. എന്നാൽ കൂടുതൽ വിപുലമായ കാൻവാസും വലിയ താരനിരയും സാങ്കേതിക മികവും ചിത്രത്തിന്റെ പ്രത്യേകതകളാണ്.
തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന 'പരിപാടി'യുടെ പ്രധാന ലൊക്കേഷൻ ചാലക്കുടിയാണ്. ചിത്രത്തിലെ നൂറോളം പുതുമുഖങ്ങളും നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലന പരിപാടിക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. എല്ലാവർക്കും സംഭാഷണങ്ങളുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഇത്രയും വലിയൊരു സിനിമ ഒരുക്കുന്നതിലൂടെ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്ന ചിത്രമെന്നതും 'പരിപാടി'യുടെ പ്രധാന ആകർഷണമാണ്. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്. മലയാളത്തിൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മനു ആന്റണി ചിത്രസംയോജനവും അജയൻ അടാട്ട് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.
2024ൽ പുറത്തിറങ്ങിയ 'പണി'യിലൂടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധ നേടിയ ജോജു ജോർജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'പരിപാടി'. 'പണി' തിയേറ്ററുകളിൽ മികച്ച പ്രതികരണവും ബോക്സ് ഓഫീസ് വിജയവും നേടിയതിന് പിന്നാലെ ജോജു ഒരുക്കുന്ന ചിത്രമെന്ന നിലയിൽ 'പരിപാടി' പ്രേക്ഷകർക്കിടയിൽ പ്രതീക്ഷയുണർത്തുന്നുണ്ട്. മാളികപ്പുറം, 2018, രേഖാചിത്രം, ആട് 3 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വിജയങ്ങൾ സ്വന്തമാക്കിയ കാവ്യ ഫിലിം കമ്പനിയുടെ ഈ പുതിയ ബിഗ് ബജറ്റ് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്നത്.
ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സംഘട്ടനം : അൻപറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകർ: രനിത്ത് രവീന്ദ്രൻ, മൻസൂർ റഷീദ്, സഹസംവിധായകൻ: രമേശ് ഗിരിജ, സംവിധാന സഹായികൾ : ആദർശ് ബി നായർ, എം.എസ് ജയ്, യദുകൃഷ്ണ ഷാലി, മനു ദിനേശ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: ഷിനു പോൾ, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Content Highlights: 'Pariapdi', a big-budget film produced by Venu Kunnappilly under Kavya Film Company, marks Joju George's directorial venture. Featuring Joju in the lead, the film introduces over a hundred newcomers, each with speaking roles, following extensive training.