‘250 ചിത്രങ്ങളിൽ അഭിനയിച്ചിരിക്കാം, മികച്ചത് 11 മാത്രം’; എണ്ണിപ്പറഞ്ഞ് പരേഷ് റാവൽ, പട്ടികയിൽ പ്രിയദർശൻ ചിത്രവും

#മൂവീസ് ഡെസ്‌ക്
പ്രിയദര്‍ശന്‍, പരേഷ് റാവല്‍ | ഫോട്ടോ: മാതൃഭൂമി, എഎന്‍ഐ
പ്രിയദര്‍ശന്‍, പരേഷ് റാവല്‍ | ഫോട്ടോ: മാതൃഭൂമി, എഎന്‍ഐ

നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടയിൽ 250-ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ടാവുമെങ്കിലും അതിൽ 11 ചിത്രങ്ങൾ മാത്രമാണ് നല്ലതെന്ന് കരുതുന്നതായി ബോളിവുഡ് നടൻ പരേഷ് റാവൽ. ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു സംസാരിക്കവെയാണ് താരം തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

സദസ്സുമായുള്ള സംവാദത്തിനിടെ, ഇതുവരെ അഭിനയിച്ച സിനിമകളുടെ കൃത്യമായ എണ്ണം കണക്കാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. നല്ല സിനിമകൾ ഏതൊക്കെയാണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നായിരുന്നു പരേഷ് റാവലിന്റെ പ്രതികരണം. തുടർന്ന്, സിനിമകളുടെ എണ്ണം 250-ൽ അധികമായിരിക്കുമെന്ന് മോഡറേറ്റർ ഓർമിപ്പിച്ചപ്പോൾ, അതിൽ 11 എണ്ണം മാത്രമാണ് മികച്ചതെന്ന് താൻ കരുതുന്നുവെന്ന് പരേഷ് റാവൽ മറുപടി നൽകി. പരേഷ് റാവലിന്റെ മകൻ ആദിത്യ റാവലും പിതാവിന്റെ അഭിപ്രായത്തെ പിന്തുണച്ചു.

തുടർന്നാണ് പരേഷ് റാവൽ തനിക്ക് മികച്ചതെന്ന് തോന്നിയ വേഷങ്ങൾ എടുത്തുപറഞ്ഞത്. 11 എണ്ണവും ഇപ്പോൾ പറയാൻ പറ്റില്ലെന്ന് പറഞ്ഞ താരം, അത്തരം ഏഴ് ചിത്രങ്ങൾ എണ്ണിപ്പറഞ്ഞു. അതിലൊന്ന് മലയാളി സംവിധായകൻ പ്രിയദർശൻ ഒരുക്കിയ 'ഹേരാ ഫേരി' ആയിരുന്നു.

1993-ൽ പുറത്തിറങ്ങിയ ബയോപിക് ചിത്രം 'സർദാർ' തനിക്ക് ഏറെ സന്തോഷവും സംതൃപ്തിയും നൽകിയ ഒന്നാണെന്ന് പരേഷ് റാവൽ പറഞ്ഞു. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ആ ചിത്രത്തിലെ കഥാപാത്രത്തിനായി ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർഥ വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച 'തമന്ന' (1997) എന്ന ചിത്രത്തിലെ വേഷവും മികച്ചതായിരുന്നുവെങ്കിലും സിനിമയുടെ രണ്ടാം പകുതി പ്രതീക്ഷിച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമേ 'ഓയ് ലക്കി, ലക്കി ഓയ്', 'മുംബൈ മേരി ജാൻ', 'ഡക്കൈറ്റ്', 'ഹേരാ ഫേരി', 'ദി സ്റ്റോറിടെല്ലർ' എന്നീ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പരേഷ് റാവൽ കൂട്ടിച്ചേർത്തു.

അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഹിന്ദിയിൽ ഒരുക്കിയ ചിത്രമാണ് 'ഹേരാ ഫേരി'. മലയാളത്തിലെ സിദ്ധിഖ്- ലാൽ ചിത്രം 'റാം ജി റാവു' സ്പീക്കിങ്ങിന്റെ റീമേക്ക് ആണിത്. മോഹൻലാൽ കഴിഞ്ഞാൽ പ്രിയദർശൻ സിനിമകളിൽ ഏറ്റവും കൂടുതൽ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് പരേഷ് റാവൽ. 15-ലേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. അക്ഷയ് കുമാറും സുനിൽ ഷെട്ടിയും ഇതിൽ കുറവ് വേഷങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

Content Highlights: Actor Paresh Rawal stated that only around 11 films out of his 250+ movie filmography are truly good. Named Priyadarshan's hit comedy film 'Hera Pheri' as one of his career-best projects. Highlighted his performances in films like 'Sardar', 'Tamanna', 'Oye Lucky! Lucky Oye!', and 'Mumbai Meri Jaan'. Son Aditya Rawal supported his father's candid self-assessment during the Jagran Film Festival session. Noted that Paresh Rawal is one of Priyadarshan's most frequent collaborators, appearing in over 15 films together.