'ഒറ്റക്കൊമ്പനി'ൽ നായികയായി അഭിനയ; താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

#മൂവീസ് ഡെസ്‌ക്
'ഒറ്റക്കൊമ്പൻ' പോസ്റ്ററിൽ അഭിനയ
'ഒറ്റക്കൊമ്പൻ' പോസ്റ്ററിൽ അഭിനയ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പനി'ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അന്ന എന്നാണ് ചിത്രത്തിൽ അഭിനയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ സഹനിർമാണം ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയുമാണ്.

ജോജു ജോർജ് ഒരുക്കിയ 'പണി' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നായികയാണ് അഭിനയ. അഭിനയയുടെ പുതിയ പോസ്റ്റർ കൂടി എത്തിയതോടെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്.

നേരത്തെ, സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ സംഗീതസംവിധായകനായി തെലുങ്ക് സംഗീത സംവിധായകൻ തമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തെന്നിന്ത്യൻ സംഗീതരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ തമൻ സംഗീതസംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ഒറ്റക്കൊമ്പൻ'. ചിത്രത്തിന്റെ സംഗീതത്തിന് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമായിരുന്നു ഇത്.

നേരത്തെ പുറത്തുവന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയെ മാസ് ലുക്കിലാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോയും പുറത്തുവന്നിരുന്നു. ഇവയ്‌ക്കെല്ലാം മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന 'ഒറ്റക്കൊമ്പൻ' മാസ് ആക്ഷൻ ചിത്രമായാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. സുരേഷ് ഗോപി എന്ന നടനിൽനിന്നും താരത്തിൽനിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മാസ് ഘടകങ്ങളെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്‌സ്, കബീർ ദുഹാൻ സിങ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്‌ന രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളടക്കം എഴുപതിലധികം അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അധികം വൈകാതെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

മലയാള സിനിമയിൽ വമ്പൻ പ്രൊജക്ടുകളുമായി സജീവമായ ശ്രീ ഗോകുലം മൂവീസിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ് 'ഒറ്റക്കൊമ്പൻ'. ജയസൂര്യ നായകനാകുന്ന 'കത്തനാർ', എസ്.ജെ. സൂര്യ നായകനാകുന്ന 'കില്ലർ', മോഹൻലാൽ നായകനാകുന്ന 'ഓപ്പറേഷൻ ഗംഗ' എന്നിവയും ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്നുണ്ട്.

രചന: ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം: ഷാജികുമാർ, സംഗീതം: തമൻ, എഡിറ്റിങ്: ഷഫീഖ് വി.ബി, ഗാനങ്ങൾ: വയലാർ ശരത് ചന്ദ്രവർമ, കലാസംവിധാനം: ഗോകുൽ ദാസ്, ആക്ഷൻ: കലൈ കിങ്‌സൺ, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് ശിവ, സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനയ്ക്കൽ, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: കെ.ജെ. വിനയൻ, ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ: പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ: റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ: വാഴൂർ ജോസ്, ശബരി.

Content Highlights: The makers of Suresh Gopi's upcoming mass action film 'Ottakomban' released a special character poster of lead actress Abhinaya on her birthday. Abhinaya, who gained widespread acclaim in Joju George's 'Pani', plays the character named Anna in the film. Directed by newcomer Mathews Thomas and produced by Gokulam Gopalan under Sri Gokulam Movies, the film features music by South Indian composer Thaman S. The film features a massive star cast including Lal, Chemban Vinod Jose, Vijayaraghavan, Lalu Alex, and Meghna Raj. 'Ottakomban' is scriptwritten by Shibin Francis and shot by cinematographer Shajikumar.