ഓസ്കർ കിട്ടിയില്ലെങ്കിലെന്താ, സമ്മാനക്കിറ്റുണ്ടല്ലോ; 2 ലക്ഷം ഡോളറിലേറെ വിലമതിക്കുന്ന കിറ്റ്

Photo: https://x.com/KarmaNuts, https://x.com/ChannelNewsAsia
Photo: https://x.com/KarmaNuts, https://x.com/ChannelNewsAsia


ഓസ്കാർ പ്രഖ്യാപനം കഴിഞ്ഞു. വലിയ അട്ടിമറികളൊന്നും സംഭവിച്ചില്ല. അഞ്ച് അവാർഡുകൾ വാരിക്കൂട്ടി അനോറ പുരസ്കാരവേദിയിൽ തിളങ്ങിനിന്നു. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസൺ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

മികച്ച സിനിമ, സംവിധാനം, നടി, ഒറിജിനൽ സ്‌ക്രീൻപ്ലേ, എഡിറ്റിങ് എന്നിവയ്ക്കുള്ള അവാർഡുകളാണ് 'അനോറ' സ്വന്തമാക്കിയത്. സിനിമയുടെ സംവിധാനം, തിരക്കഥ, എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോൺ ബേക്കറിന് രണ്ട് ഓസ്‌കർ ശിൽപ്പം സ്വന്തമാക്കാനായി. ഷോൺ ബേക്കറിനെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി തിരഞ്ഞെടുത്തു.

അതേസമയം ഓസ്കറിൽ ഇന്ത്യയുടെ അഭിമാനമായി മാറിയത് ആദം ജെ ഗ്രേവ് സംവിധാനം ചെയ്ത അനുജ ആയിരുന്നു. ഓസ്കറിൽ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ചിത്രത്തിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഫലം മറ്റൊന്നായിരുന്നു.

നിരവധി ചിത്രങ്ങളും സാങ്കേതിക വിദഗ്ധരും ഓസ്കറിന്റെ ഫൈനൽ റൌണ്ടിൽ എത്തിയിരുന്നു. എന്നാൽ പുരസ്കാരം ലഭിച്ചില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല, നോമിനേഷൻ ലഭിച്ചവർക്ക് ലഭിക്കുന്നത് 217000 ഡോളർ (ഏകദേശം 1.8 കോടി രൂപയുടെ) വിലമതിക്കുന്ന സമ്മാനക്കിറ്റാണ്. വിവിധ നോമിനികൾക്കൊപ്പം ഓസ്കർ അവതാരകർക്കും ഈ സമ്മാനക്കിറ്റ് ലഭിക്കും. 

ലോസ് ആഞ്ചലീസ് ആസ്ഥാനമായുള്ള ഡിസ്റ്റിങ്ടീവ് അസറ്റ്സ് നിർമിച്ച ഓസ്കർ പ്രത്യേക സമ്മാന ബാഗുകളിൽ ആഡംബര യാത്രക്കുള്ള കൂപ്പണുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ലോസ് ആഞ്ചലീസിലെ കാട്ടുതീ ഇരകളെ പിന്തുണയ്ക്കാനായുള്ള സമ്മാനങ്ങൾ, അത്യാഡംബര കഞ്ചാവ് ഉത്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.. 

പ്രത്യേക സമ്മാനങ്ങൾക്ക് പുറമെ ഓസ്കർ അക്കാദമി വ്യക്തിഗത അംഗത്വവും പത്ത്പേരെ അംഗത്വത്തിനായി നോമിനേറ്റ് ചെയ്യാനുള്ള അവകാശവും നൽകും. നോമിനികളുടെ സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും അയൽക്കാർക്കും ലോസ് ആഞ്ചലീസിലെ തീപ്പിടിത്തത്തിൽ വീട് നഷ്ടപ്പെട്ട ആരാധകർക്കും ഈ അംഗത്വം സമ്മാനമായി നൽകാമെന്ന് ഓസ്കർ ബാഗിന്റെ നിർമ്മാതാക്കളിൽ ഒരാളായ ലാഷ് ഫാരി പറഞ്ഞു. 

Content Highlights: oscar nominee gift bag cannabis trip to maldives personalised disaster recovery support