നഗ്നത മറയ്ക്കാന്‍ കറുത്ത വസ്ത്രമിട്ടു; ഭഗവദ്‌ഗീത വിവാദത്തില്‍ 'ഓപ്പന്‍ഹൈമറി'ല്‍ മാറ്റം?

ഓപ്പന്‍ഹൈമറിലെ രംഗം
ഓപ്പന്‍ഹൈമറിലെ രംഗം

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പന്‍ഹൈമര്‍ എന്ന ചിത്രത്തിന് ഇന്ത്യയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യ രണ്ടു ദിനങ്ങള്‍ കൊണ്ട് 31 കോടിയുടെ വരുമാനമാണ് ചിത്രം ഇന്ത്യയില്‍നിന്ന് മാത്രം നേടിയത്.  അതിനിടെ ചിത്രം ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഓപ്പന്‍ഹൈമറെ അവതരിപ്പിക്കുന്ന സിലിയന്‍ മര്‍ഫിയും കാമുകിയായ ജീന്‍ ടാറ്റ്‌ലോക്കിനെ അവതരിപ്പിക്കുന്ന ഫ്‌ലോറന്‍സ് പഗും തമ്മിലുള്ള രംഗമാണിത്. ലൈംഗിക ബന്ധത്തിനിടെ കഥാപാത്രങ്ങള്‍ ഭഗവദ്‌ഗീതയിലെ രണ്ടു വരികൾ വായിക്കുന്നതാണ് വിവാദത്തിന് വഴി വച്ചത്.

ചിത്രം റിലീസ് ചെയ്ത് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ കാമ്പയിനുകള്‍ ആരംഭിച്ചു. ഓപ്പന്‍ഹൈമര്‍ നിരോധിക്കണമെന്നും ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ ചിത്രത്തിലെ വിവാദ രംഗത്തില്‍ മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗ്നയായ ജീന്‍ ടാറ്റ്‌ലോക്കിന്റെ കഥാപാത്രത്തെ എഡിറ്റിങ്ങിലൂടെ കറുത്ത വസ്ത്രം ധരിപ്പിച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെട്ടതിന് ശേഷം രംഗം എഡിറ്റ് ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൈ ബേര്‍ഡ്, മാര്‍ട്ടിന്‍ ജെ ഷെര്‍വിന്‍ എന്നിവര്‍ രചിച്ച 'അമേരിക്കന്‍ പ്രോമിത്യൂസ്: ദ ട്രൈംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍' എന്ന 2005-ല്‍ പുറത്തിറങ്ങിയ ജീവചരിത്രത്തെ ആധാരമാക്കിയാണ് നോളന്‍ തിരക്കഥ ഒരുക്കിയത്. 

റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലണ്ട്, മാറ്റ് ഡാമന്‍, ഫ്‌ലോറന്‍സ് പഗ്ഗ്, ജോഷ് ഹാര്‍ട്ട്‌നെറ്റ്, കേസി അഫ്‌ലെക്, റാമി മാലിക്ക്, കെന്നത്ത് ബ്രനാഗ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Content Highlights: Oppenheimer, bhagavad gita controversy, Nude Florence Pugh Covered In Black dress ?