‘ഓപ്പറേഷൻ ത്രാൾ’ പ്രൊപ്പഗാണ്ട സിനിമയല്ല, അജയൻ അടാട്ട് അങ്ങനെ പറഞ്ഞത് ദൗർഭാഗ്യകരം; വാർത്താക്കുറിപ്പ്

#മൂവി ഡെസ്ക്
'ഓപ്പറേഷൻ ത്രാൾ' സിനിമയുടെ പോസ്റ്റർ, സൗണ്ട് ഡിസൈനർ അജയൻ അടാട്ട് | ഫോട്ടോ: Facebook, മാതൃഭൂമി ആർക്കൈവ്സ്
'ഓപ്പറേഷൻ ത്രാൾ' സിനിമയുടെ പോസ്റ്റർ, സൗണ്ട് ഡിസൈനർ അജയൻ അടാട്ട് | ഫോട്ടോ: Facebook, മാതൃഭൂമി ആർക്കൈവ്സ്

പ്പറേഷൻ ത്രാൾ (Operation Tral) എന്ന ചിത്രവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ പോസ്റ്റിൽ സൗണ്ട് ഡിസൈനർ അജയൻ അടാട്ട് വിദ്വേഷ കമന്റുമായെത്തിയ സംഭവത്തിൽ വാർത്താക്കുറിപ്പുമായി നിർമാതാക്കൾ. നമ്മുടെ ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് 'ഓപ്പറേഷൻ ത്രാൾ' സിനിമയുടെ ആശയം ഉൾക്കൊണ്ടിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ, ഒരു രാഷ്ട്രീയ പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അധിക്ഷേപകരവും രാഷ്ട്രീയമായി വിദ്വേഷം നിറഞ്ഞതുമായ കമൻറുകൾ വന്നത് തികച്ചും നിരാശാജനകമാണെന്നും അവർ വ്യക്തമാക്കി.

'ഓപ്പറേഷൻ ത്രാൾ' ടീം പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഇങ്ങനെ:

'ഓപ്പറേഷൻ ത്രാൾ' എന്നത് ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദേശീയ സുരക്ഷ, ധീരത, അതുപോലെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ പോലും മാറ്റിവെക്കുന്ന മനുഷ്യരുടെ കഥ പറയുന്നതുമായ ഒരു സിനിമയാണ്. നമ്മുടെ ദേശീയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്നാണ് 'ഓപ്പറേഷൻ ത്രാൾ' ആശയം ഉൾക്കൊണ്ടിട്ടുള്ളത്. എല്ലാറ്റിനും ഉപരിയായി ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ, ഒരു രാഷ്ട്രീയ പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ അധിക്ഷേപകരവും രാഷ്ട്രീയമായി വിദ്വേഷം നിറഞ്ഞതുമായ കമൻറുകൾ വന്നത് തികച്ചും നിരാശാജനകമാണ്.

ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ആശയപരമായ വിശ്വാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും പ്രകടിപ്പിക്കാൻ അവകാശമുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്ക് എന്നും നിലനിൽക്കാൻ കഴിയുന്ന ഒരു ഇടമാണ് സിനിമ. എന്നാൽ വിയോജിപ്പുകൾ എന്നത് ഒരിക്കലും അധിക്ഷേപകരമോ മോശമോ ആയ ഭാഷ ഉപയോഗിക്കാനുള്ള കാരണമാകരുത്; പ്രത്യേകിച്ച് ഒരു സിനിമയെയും, അതിനുവേണ്ടി സ്വന്തം സമയവും അധ്വാനവും ആത്മാർത്ഥതയും നൽകിയ ആളുകളെയും ലക്ഷ്യമിടുമ്പോൾ.

ചലച്ചിത്ര രംഗത്ത് നിന്ന് അവാർഡ് നേടിയിട്ടുള്ള ഒരു വ്യക്തിയിൽ നിന്ന് ഇത്തരമൊരു കമൻറ് വന്നത് ഏറെ ദൗർഭാഗ്യകരമായി തോന്നുന്നു. സ്വന്തം കഴിവിനും പ്രവർത്തനങ്ങൾക്കും അംഗീകാരം ലഭിച്ച ഒരാളിൽ നിന്നുള്ള പദവിയും അനുഭവസമ്പത്തും, മറ്റുള്ളവരുടെ ജോലിയോടും തെരഞ്ഞെടുപ്പുകളോടും ബഹുമാനം പുലർത്തുന്നതിലൂടെയാണ് പ്രതിഫലിക്കേണ്ടത്. 'ഓപ്പറേഷൻ ത്രാൾ' ഒരു രാഷ്ട്രീയ പ്രചാരണ സിനിമയല്ല. രാജ്യത്തെ സംരക്ഷിക്കുന്നതിൽ അടങ്ങിയിരിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും ത്യാഗങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഒരു കഥയാണിത്.

വ്യത്യസ്തമായ അഭിപ്രായങ്ങളെ ഞങ്ങൾ എപ്പോഴും ബഹുമാനിക്കുകയും ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള ആരോഗ്യപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അധിക്ഷേപങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും, ഒരു സിനിമയ്ക്കു പിന്നിലെ ആത്മാർത്ഥമായ ശ്രമത്തെ വെറുമൊരു രാഷ്ട്രീയ അധിക്ഷേപമായി മാറ്റുന്നതിനെയും ഞങ്ങൾക്ക് പിന്തുണയ്ക്കാൻ കഴിയില്ല. ഞങ്ങൾ ഞങ്ങളുടെ സിനിമയ്‍ക്കൊപ്പവും, അതിന്‍റെ ലക്ഷ്യത്തിനൊപ്പവും, ഞങ്ങൾ പറയാൻ തിരഞ്ഞെടുത്ത കഥയ്‍ക്കൊപ്പവും ഉറച്ചുനിൽക്കുന്നു. ഇന്ത്യയ്ക്ക് പ്രഥമസ്ഥാനം. കഥയ്ക്ക് പ്രഥമസ്ഥാനം. ഉറച്ച ബോധ്യത്തോടെയുള്ള സിനിമയ്ക്കും.

അജയൻ അടാട്ടിന്റെ കമന്റ് വിവാദമായപ്പോൾ

'ഓപ്പറേഷൻ ത്രാളി'ന്‍റെ സൗണ്ട് ഡിസൈനറായ ആർ.എസ് വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടീസർ സൗണ്ട് ഡിസൈൻ ഗ്ലിംപ്സ് വീഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമൻറുമായി അജയൻ അടാട്ട് എത്തിയത്. ചിത്രം ആർഎസ്എസ് അനുഭാവ ചിത്രമാണെന്ന രീതിയിലാണ് അജയൻ പങ്കുവെച്ച കമന്റ്.

"ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളിൽ നിന്ന് ഇങ്ങനെയൊരു കമൻറ് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. ഒരു പ്രോജക്റ്റ് ചെയ്തെടുക്കാൻ എത്രത്തോളം കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നിങ്ങൾക്ക് നന്നായി അറിയാവുന്നതല്ലേ. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ സഹപ്രവർത്തകരായ ക്രിയേറ്റേഴ്സിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്", എന്നാണ് രതീഷ് വേഗ കമൻറിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

"നിങ്ങളിൽ നിന്ന് ഇത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി, ഈ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്നീഷ്യനിൽ നിന്ന് ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്?.. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണം", എന്നാണ് അജയൻ അടാട്ടിന്‍റെ കമൻറിനെതിരെ സൗണ്ട് ഡിസൈനറും റീ-റെക്കോർഡിംഗ് മിക്സറുമായ എം. ആർ. രാജാകൃഷ്ണൻ പ്രതികരിച്ചിരിക്കുന്നത്. ''മോനെ വളരെ മോശം'' എന്നാണ് നിർമ്മാതാവ് ജോബി ജോർജ് തടത്തിൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ''നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വർക്കിന് മറുപടി നൽകുന്നത് ഇങ്ങനെയാണോ?'' എന്നാണ് ആർഎസ് വിക്കിയുടെ മറുപടി.

'ഓപ്പറേഷൻ ത്രാൾ' സിനിമ

ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ ,സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.

Content Highlights: The makers of Jayasurya's upcoming film Operation Thrall issued an official press statement condemning sound designer Ajayan Adat's political hate comment on social media, clarifying that the movie is a tribute to national investigation agencies rather than political propaganda.