'നിന്റെ കണ്ണുകളിൽ ഇപ്പോഴെനിക്ക് നിന്റെ അപ്പനെ കാണാം'; ആകാംക്ഷ നിറച്ച് ‘പ്രതിഛായ’യുടെ ടീസർ

#മൂവി ഡെസ്ക്
പ്രതിഛായ എന്ന ചിത്രത്തിൽ നിവിൻ പോളി | സ്ക്രീൻ​ഗ്രാബ്
പ്രതിഛായ എന്ന ചിത്രത്തിൽ നിവിൻ പോളി | സ്ക്രീൻ​ഗ്രാബ്

അഴിമതി കേസ് എത്ര വലുതാണെങ്കിലും അതിലൊരു കംബാക്ക് ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി. പക്ഷേ എത് കേസിലാണ് അതില്ലാത്തത് എന്നൊരു ചോദ്യം ബാക്കി നിർത്തുന്ന മുഹൂർത്തങ്ങൾ. വ്യാഴാഴ്ച്ച റിലീസാവുന്ന നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ചിത്രമായ 'പ്രതിഛായ'യുടെ ടീസർ പുറത്തിറക്കി. ശക്തമായൊരു പൊളിറ്റിക്കൽ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയായിരിക്കും ചിത്രം എന്നു സൂചിപ്പിക്കുന്ന ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്.

അച്ഛനും മകനും തമ്മിലുളള അതിമനോഹരമായ മുഹൂർത്തങ്ങൾ ടീസറിൽ കാണാം. സിനിമയിലെ പ്രധാനപ്പെട്ട സംഭാഷണ ശകലങ്ങൾ കൊണ്ട് സംപുഷ്ടമാണ് ടീസർ. സ്നേഹവും കാരുണ്യവും കാണിക്കേണ്ടിടത്ത് കാണിക്കും, കണക്കു തീർക്കേണ്ടിടത്ത് കണക്ക് തീർക്കും എന്ന് പറയുന്ന രാഷ്ട്രീയക്കാരനായി ബാലചന്ദ്രമേനോന്റെ കഥാപാത്രത്തെ കാണാം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രമേനോൻ ചെയ്യുന്ന ശക്തമായ കഥാപാത്രമാണ് 'പ്രതിഛായ'യിലെ വർഗീസ്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. നിവിനെക്കൂടാതെ ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും. പിആർഒ- സതീഷ് എരിയാളത്ത്.

Content Highlights: The teaser for Nivin Pauly’s Prathichaya has been released, showcasing a blend of intense political rivalry and emotional family drama, featuring veteran actor Balachandra Menon in a powerful role as Varghese.