‘സ്റ്റൈലിഷ് വില്ലന്‍’, ഇനി വാള്‍ട്ടര്‍; എല്‍സിയു ചിത്രം 'ബെന്‍സി'ല്‍ ജോയിന്‍ചെയ്ത് നിവിന്‍ പോളി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സി (എല്‍സിയു)ല്‍ ഒരുങ്ങുന്ന ഭാഗ്യരാജ് കണ്ണന്‍ ചിത്രം 'ബെന്‍സി'ന്റെ ഭാഗമായി നിവിന്‍ പോളി. ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തതായി നിവിന്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. ലോകേഷ് കനകരാജിന്റെ തിരക്കഥയില്‍ ഭാഗ്യരാജ് ഒരുക്കുന്ന 'ബെന്‍സി'ല്‍ രാഘാവാ ലോറന്‍സിന്റെ വില്ലനായി വാള്‍ട്ടര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളി എത്തുന്നത്.
'വാള്‍ട്ടറായി വേഷം മാറി', എന്ന ക്യാപ്ഷനോടെയാണ് നിവിന്‍ ചിത്രം പങ്കുവെച്ചത്. സ്റ്റൈലിഷ് വില്ലന്‍ ലുക്കിലാണ് നിവിനെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ആരാധകര്‍ ഒന്നാകെ ചിത്രം ഏറ്റെടുത്തു.
റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് 'ബെന്‍സി'ന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് 'ബെന്‍സി'ന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. സായ് അഭയശങ്കര്‍ ആണ് 'ബെന്‍സി'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Nivin Pauly joins Lokesh Cinematic Universe (LCU) film `Benz` as the stylish villain Walter, alongside Raghava Lawrence. Actor shares update on social media