ഈ പെരുംനുണ ആരുണ്ടാക്കിയെന്നറിയില്ല, നിവിൻ പോളി-അൽഫോൺസ് പുത്രൻ ചിത്രം ഉപേക്ഷിച്ചിട്ടില്ല -എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

നിവിൻ പോളിയും അൽഫോൺസ് പുത്രനും നീണ്ട ഇടവേളയ്ക്കുശേഷം ഒന്നിക്കുന്ന വിജയം എന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്റ്റ് ഡിസൈനറുമായ കുട്ടു ശിവാനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജയം എന്ന ചിത്രം ഉപേക്ഷിച്ചെന്ന തരത്തിൽ ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ചർച്ചകൾ ഉയർന്നുവന്നിരുന്നു. ഇത്തരം ചർച്ചകളെ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിലൂടെ കുട്ടു ശിവാനന്ദൻ തള്ളിക്കളഞ്ഞു.
വിജയം എന്ന ചിത്രം ഉപേക്ഷിച്ചെന്നത് അഭ്യൂഹം മാത്രമാണെന്നും ഇതെല്ലാം ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ആരാണെന്ന് അറിയില്ലെന്നും കുട്ടു ശിവാനന്ദൻ വ്യക്തമാക്കി. ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. അതിന്റെ ജോലികൾ പൂർത്തിയായാലുടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. നിർമാതാക്കളുടെ ഭാഗത്തുനിന്നുവരുന്ന ഒഫീഷ്യൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ എന്നും കുട്ടു ശിവാനന്ദൻ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ച 'പ്രേമം' എന്ന ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും ഹിറ്റ് മേക്കർ അൽഫോൺസ് പുത്രനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വിജയം. നിവിൻ പോളിയുടെ കരിയറിലെ അൻപതാം ചിത്രമായാണ് വിജയം ഒരുങ്ങുന്നത്. റേസിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ അൽഫോൺസ് പുത്രൻ ചിത്രത്തിൽ, മുൻ ചിത്രങ്ങളുടേതിന് സമാനമായ എല്ലാ ചേരുവകളും ഉണ്ടായിരിക്കും. ‘വിജയ’ത്തിന്റെ രചനയും, ചിത്രസംയോജനവും അദ്ദേഹം തന്നെ നിർവ്വഹിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്സും, സിനിഹോളിക്സ് പിക്ച്ചേഴ്സിന്റെ ബാനറിൽ ടോൺസൺ ടോണി, സുനിൽ രാമടി, പ്രശാന്ത് ജെ എസ്, എന്നിവരും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ബോളിവുഡിൽ തരംഗം സൃഷ്‌ട്ടിച്ച ധുരന്ധർ 1, ധുരന്ധർ 2 റിവഞ്ച് എന്നീ സിനിമകളുടെയും ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ഡ്രാമാ സീരിസ് ബാ**ഡ്സ് ഓഫ് ബോളിവുഡിൻ്റെയും പശ്ചാത്തല സംഗീതമൊരുക്കിയ സ്റ്റീവ് കോട്ടൂരാണ് വിജയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
Content Highlights: Executive Producer Kuttu Shivanandan has dismissed social media rumors claiming that Vijayam, the highly anticipated racing drama starring Nivin Pauly and directed by Alphonse Puthren, has been shelved, confirming the film is currently in active pre-production.