വിവാഹം കഴിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല, വേണ്ടത് പൂർണ സ്വാതന്ത്ര്യം തരുന്ന ഒരാളെ -നിത്യാ മേനോൻ

തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ബന്ധങ്ങളിൽ നിന്ന് സ്വയം പിന്മാറിയിട്ടുണ്ടെന്ന് നടി നിത്യാ മേനോൻ. താൻ വിവാഹത്തിന് എതിരാണെന്ന തരത്തിലാണ് പലപ്പോഴും തന്റെ പ്രസ്താവനകൾ വ്യാഖ്യാനിക്കപ്പെടാറുള്ളതെന്നും എന്നാൽ തനിക്ക് വിവാഹത്തോട് എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി. പേരിനൊരു വിവാഹം കഴിക്കുന്നതിനേക്കാൾ ശരിയായ വ്യക്തിയെ കണ്ടെത്താനാണ് ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുന്നത് എളുപ്പമായിരുന്നില്ലെങ്കിലും, അത് തനിക്ക് വീണ്ടും ശ്വാസമെടുക്കാനുള്ള സ്വാതന്ത്ര്യവും പുതിയൊരു ലോകം മുന്നിലേക്ക് തുറക്കപ്പെടുന്ന അനുഭവവുമാണ് നൽകിയതെന്നും അവർ പറഞ്ഞു. ഗോപിനാഥിന്റെ പോഡ്കാസ്റ്റിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബന്ധങ്ങളിൽ തന്റെ ആത്മാവിന് സ്വാതന്ത്ര്യം ലഭിക്കാതിരുന്ന സാഹചര്യങ്ങളിൽ അതിൽ നിന്നും പിന്മാറുന്നത് തികച്ചും പ്രയാസകരമായിരുന്നുവെന്ന് നിത്യാ മേനോൻ വെളിപ്പെടുത്തി. ബന്ധങ്ങളിൽ വ്യക്തികളെ തളച്ചിടുന്ന രീതി ശരിയല്ലെന്നും, ഇത്തരത്തിലുള്ള അവസ്ഥയിൽ താൻ തീരെ ചെറുതായും ദുർബലയായും അനുഭവപ്പെട്ടുവെന്നും നിത്യ വ്യക്തമാക്കി. "ആത്മാവിന് കൂച്ചുവിലങ്ങ് വീഴുന്ന സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ബന്ധങ്ങളിൽ, പിന്മാറുക എന്നത് പ്രയാസകരമായിരുന്നുവെങ്കിലും ഞാൻ എപ്പോഴും മാറിനടക്കാനാണ് തീരുമാനിച്ചത്. അത്തരം ബന്ധങ്ങളിൽ മറ്റൊരാളുടെ സ്വാധീനം നമ്മെ വരിഞ്ഞുമുറുക്കുന്നത് പോലെയാണ്. പങ്കാളിയെ ശ്വാസമുട്ടിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതൊരു തിരിച്ചറിവാണ്, ഭയമല്ല," നിത്യാ മേനോൻ പറഞ്ഞു.
ഇത്തരം പ്രയാസകരമായ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോന്നതിനെ തുടർന്ന് തനിക്ക് അനുഭവപ്പെട്ടത് വലിയ ആശ്വാസവും സ്വാതന്ത്ര്യവുമാണെന്ന് താരം തുറന്നുപറഞ്ഞു. "ശ്വാസം വീണ്ടെടുക്കുന്നതുപോലെയോ അല്ലെങ്കിൽ ഒരു പുതിയ ലോകം തുറക്കപ്പെടുന്നതുപോലെയോ ആണ് എനിക്ക് തോന്നിയത്. അതൊരു നല്ല കാര്യമാണ്. ഞാൻ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഞാൻ അതിനെ എതിർക്കുന്നുവെന്നോ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നോ ആണ് ആളുകൾ കരുതുന്നത്. എനിക്ക് വിവാഹം കഴിക്കേണ്ടതില്ല എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് എന്തുവേണമെന്ന് എനിക്കറിയാം. എനിക്ക് വേണ്ടത് വെറുമൊരു വിവാഹമല്ല, ശരിയായ ഒരു ബന്ധമാണ്. അതിനാൽ ഞാൻ പേരിനുവേണ്ടി വിവാഹം കഴിക്കില്ല. സ്വാതന്ത്ര്യം നൽകുന്ന ആളല്ലെങ്കിൽ, പിന്നെ വിവാഹമില്ല," നിത്യ കൂട്ടിച്ചേർത്തു.
രവി മോഹനോടൊപ്പം കൃതിക ഉദയനിധിയുടെ 'കാതലിക്ക നേരമില്ലൈ', വിജയ് സേതുപതിക്കൊപ്പമുള്ള പണ്ഡിരാജിന്റെ 'തലൈവൻ തലൈവി', ധനുഷിന്റെ 'ഇഡ്ഡലി കടൈ' എന്നീ ചിത്രങ്ങളാണ് നിത്യ നായികയായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ഈ വർഷം റിലീസിനൊരുങ്ങുന്ന അങ്കുർ പജ്നി, വിശാൽ രഞ്ജൻ മിശ്ര എന്നിവരുടെ ഹിന്ദി ചിത്രമായ 'മിസ്റ്റർ ആൻഡ് മിസിസ് ഗ്രേ' ആണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. വിവേക് ഒബ്റോയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വിവാഹേതര ബന്ധത്തിനും സാമ്പത്തിക തട്ടിപ്പിനും ഇടയിൽപെട്ടുപോകുന്ന ഒരാളുടെ കഥയാണ് പറയുന്നത്. ചിത്രം ഡിസംബർ 11-ന് തിയേറ്ററുകളിൽ എത്തും.
Content Highlights: Speaking on Gobinath's podcast, actress Nithya Menen clarified that she is not against marriage, explaining that she walked away from past relationships that felt stifling and restricted her growth, and will only marry when she finds a partner who offers genuine freedom—ahead of her upcoming Hindi film Mr & Mrs Grey opposite Vivek Oberoi on December 11.