പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്; ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ

ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ പ്രതികരിച്ച് നയൻതാരയുടെ അഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും അഭിഭാഷകൻ ധനുഷിന് മറുപടി നൽകി. ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യലൈബ്രറിയിൽ നിന്നുള്ളതാണെന്നും മറുപടിയിൽ പറയുന്നു.
നയൻതാര; ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ ‘ നാനും റൗഡി താൻ’ എന്ന സിനിമയുടെ ചിത്രീകരണവീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ വണ്ടർബാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നാനും റൗഡി താൻ സിനിമയുടെ നിർമാതാവ് എന്നനിലയിലായിരുന്നു ധനുഷിന്റെ ഹർജി.
വിഘ്നേശ് ശിവൻ സംവിധാനം നിർവഹിച്ച നാനും റൗഡി താൻ ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിക്കാൻ നിർമാതാവായ ധനുഷിൽനിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തുടർന്ന് ചിത്രത്തിലെ പാട്ടിന്റെ കുറച്ചുഭാഗവും ചിത്രീകരണവീഡിയോയും ഉപയോഗിച്ചു. തുടർന്ന് 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകി.
മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തിൽ നയൻതാര ധനുഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നോട്ടീസ് വകവെക്കാതെ ഡോക്യുമെന്ററിയിൽ വീഡിയോ ഉപയോഗിച്ചതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
Content Highlights: Nayantharas lawyer reacts to Dhanushs legal notice, says 'there is no violation'