'നയന്‍താരയുടെ 50 കോടിയുടെ പ്രൈവറ്റ് ജെറ്റ്'; സത്യാവസ്ഥയെന്ത്?, ഹാലോ എയര്‍വേയ്‌സ് ഉടമയുടെ മറുപടി

നയൻതാര, ഷോബി ടി. പോൾ | Photo: Club FM, X/ SathsaraniSew
നയൻതാര, ഷോബി ടി. പോൾ | Photo: Club FM, X/ SathsaraniSew

സൗത്ത് ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ക്ക് ആര്‍ക്കും പ്രൈവറ്റ് ജെറ്റ് ഇല്ലെന്ന് ഹാലോ എയര്‍വേസ് സിഇഒ ഷോബി ടി. പോള്‍. നയന്‍താരയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ നടക്കാറുള്ള പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. വിജയും സിലമ്പരസനും ജെറ്റുകളാണ് ഉപയോഗിക്കുന്നത്. അവയെല്ലാം ചാര്‍ട്ടര്‍ ചെയ്യുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രീമിയര്‍ ഹെലികോപ്റ്റര്‍/ജെറ്റ് ചാര്‍ട്ടര്‍ സേവനദാതാക്കളാണ് ഹാലോ എയര്‍വേയ്‌സ്.

'യഷ് ചാര്‍ട്ടഡ് ഫ്‌ളൈറ്റിലേ പോവുകയുള്ളൂ. വിജയും സിമ്പുവുമെല്ലാം ജെറ്റുകളാണ് ഉപയോഗിക്കുന്നത്. ചാര്‍ട്ട് ചെയ്യുന്നതാണ്. ഒരു സെലിബ്രിറ്റിക്കും സൗത്ത് ഇന്ത്യയില്‍ ജെറ്റില്ല. സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്ക്ക് സ്വന്തമായി ജെറ്റുണ്ടെന്ന് പലപ്പോഴും കാണാറുണ്ട്. അത് ശരിയല്ല. അവര്‍ നമ്മളെപ്പോലെ ആരെയെങ്കിലും വാടകയ്‌ക്കെടുക്കുന്ന വിമാനങ്ങള്‍ ആയിരിക്കും', ഷോബി പറഞ്ഞു.

'ഡിജിസിഎയുടെ രേഖകള്‍ പ്രകാരം ഒരു സെലിബ്രിറ്റിക്കും സ്വന്തമായി ചാര്‍ട്ടഡ് ഫ്‌ളൈറ്റ് ഇല്ല. അവര്‍ ഏതെങ്കിലും കമ്പനിയില്‍ ഇന്‍വസ്റ്റ് ചെയ്ത്, സൈലന്റായി ഉടമസ്ഥത സ്വന്തമാക്കിയിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷേ, സാമൂഹികമാധ്യമങ്ങളില്‍ കാണുന്ന പലതും ശരിയല്ല', അദ്ദേഹം വ്യക്തമാക്കി.

നയന്‍താരയക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തിരുന്നു. നടിക്കുപുറമേ അല്ലു അര്‍ജുന്‍, ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, നാഗാര്‍ജുന എന്നിവര്‍ക്കും പ്രൈവറ്റ് ജെറ്റുണ്ടെന്നാണ് ന്യൂസ് 18-ന്റെ റിപ്പോര്‍ട്ട്.

Content Highlights: Halo Airways CEO clarifies rumors about Nayanthara`s private jet