നാഗചൈതന്യ-സായ് പല്ലവി ചിത്രം 'തണ്ടേല്‍' ആദ്യഗാനമെത്തി; നാഗചൈതന്യയുടെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്ററും

നാഗചൈതന്യയെ നായകനാക്കി ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം തണ്ടേലിലെ ആദ്യഗാനം പുറത്തിറങ്ങി. അതിനൊപ്പം നാഗചൈതന്യയുടെ ജന്മദിനം പ്രമാണിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തു. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക സായ് പല്ലവിയാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ലവ് സ്റ്റോറി' എന്ന ചിത്രത്തുനുശേഷം നാഗചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തണ്ടേല്‍'.
ചിത്രത്തിലെ 'ബുജി തല്ലി' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാവേദ് അലിയാണ്. വരികള്‍ രചിച്ചിരിക്കുന്നത് ശ്രീ മണിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. 2025 ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. പ്രണയം, ആക്ഷന്‍, ഡ്രാമ എന്നിവ കോര്‍ത്തിണക്കി ത്രില്ലര്‍ മോഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് 'തണ്ടേല്‍'. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച, സാങ്കല്‍പ്പിക കഥയേക്കാള്‍ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ നിന്നുള്ള നാഗചൈതന്യയുടെ ഒരു മാസ്സ് പോസ്റ്ററാണ് ജന്മദിനം പ്രമാണിച്ചു പുറത്ത് വിട്ടിരിക്കുന്നത്.
കൈയില്‍ വമ്പന്‍ നങ്കൂരവുമേന്തി മഴയില്‍ കുതിര്‍ന്ന് ബോട്ടില്‍ നില്‍ക്കുന്ന നാഗചൈതന്യ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. രചന - ചന്ദു മൊണ്ടേട്ടി. ഛായാഗ്രഹണം - ഷാംദത്. സംഗീതം - ദേവി ശ്രീ പ്രസാദ്. എഡിറ്റര്‍ - നവീന്‍ നൂലി. കലാസംവിധാനം - ശ്രീനഗേന്ദ്ര തംഗല. നൃത്ത സംവിധാനം - ശേഖര്‍ മാസ്റ്റര്‍. ബാനര്‍ - ഗീത ആര്‍ട്‌സ്. നിര്‍മ്മാതാവ് - ബണ്ണി വാസ്. അവതരണം - അല്ലു അരവിന്ദ്. മാര്‍ക്കറ്റിംഗ് - ഫസ്റ്റ് ഷോ. പി.ആര്‍.ഒ. - ശബരി.
Content Highlights: naga chaitanya sai pallavi movie thandel bujji thalli song out