ഞാൻ ഈണമിട്ട പാട്ട് ഇതല്ല, ഇങ്ങനെയല്ല; 'അന്ധാഗൻ' ടീമിനെതിരെ ഗുരുതര ആരോപണവുമായി സന്തോഷ് നാരായണൻ

സന്തോഷ് നാരായണൻ, അന്ധാ​ഗൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/santhosh.narayanan.3701, x.com/SonyMusicSouth
സന്തോഷ് നാരായണൻ, അന്ധാ​ഗൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/santhosh.narayanan.3701, x.com/SonyMusicSouth

പ്രശാന്ത് നായകനായി നീണ്ട ഇടവേളയ്ക്കുശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് അന്ധാ​ഗൻ. 2022-ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സാങ്കേതികകാരണങ്ങളാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞദിവസമാണ് ചിത്രത്തിനായി സന്തോഷ് നാരായണൻ ഈണമിട്ട പ്രൊമോ ​ഗാനം പുറത്തിറങ്ങിയത്. എന്നാൽ സം​ഗീത സംവിധായകൻതന്നെ ഈ ​ഗാനത്തിനെതിരെ ​ഗുരുതര ആരോപണങ്ങളുന്നയിച്ച് രം​ഗത്തെത്തിയത് നിർമാതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്.

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: 

കഴിഞ്ഞദിവസം സോണി മ്യൂസിക് സൗത്ത് ആണ് ​ഗാനം പുറത്തിറക്കിയത്. ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ സോണി മ്യൂസിക് പോസ്റ്റ് ചെയ്ത പാട്ടിന്റെ ലിങ്ക് ഷെയർ ചെയ്തുകൊണ്ടാണ് രൂക്ഷ വിമർശനവുമായി സന്തോഷ് നാരായണൻ രം​ഗത്തെത്തിയത്. താൻ ചെയ്ത പാട്ടിൽ സിനിമയുടെ നിർമാതാക്കളും സോണി മ്യൂസിക്കും തിരിമറികൾ നടത്തിയെന്നാണ് സന്തോഷ് നാരായണന്റെ ആരോപണം. ചരിത്രത്തിലാദ്യമായി ഒരു ഓഡിയോ ലേബൽ കാഴചയില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.  

സിനിമയിലെ പ്രശാന്തിന്റെ കഥാപാത്രം കാഴ്ചശക്തിയില്ലാത്തയാളാണ്. ഇതുകൂടി സൂചിപ്പിച്ചുകൊണ്ടാണ് സന്തോഷ് നാരായണന്റെ പരിഹാസം. പിന്നാലെ ഇക്കാര്യത്തിൽ ഒരു വിശദീകരണ പോസ്റ്റും സന്തോഷ് നാരായണൻ പങ്കുവെച്ചു. "അന്ധാ​ഗൻ ആന്തം" എന്ന പേരിൽ ഇപ്പോഴെത്തിയിരിക്കുന്നത് താൻ ഈണമിട്ട ​ഗാനമല്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കൂടാതെ താൻ ചെയ്ത ​ഗാനത്തിലെ വരികളോ അറേഞ്ച്മെന്റോ മിക്സോ അല്ല ഇപ്പോൾ പുറത്തെത്തിയ ​ഗാനത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സം​ഗീത സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരുതന്നെയാണ് നിർമാതാക്കൾ വെച്ചിരിക്കുന്നത്.  കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ നടൻ വിജയ് ആണ് ​ഗാനം പുറത്തിറക്കിയത്. ഈ ചടങ്ങിൽ സന്തോഷ് നാരായണൻ പങ്കെടുത്തിരുന്നില്ല. ഉമാ ദേവി, ഏകാദശി എന്നിവരാണ് വരികളെഴുതിയത്. അനിരുദ്ധും നടൻ വിജയ് സേതുപതിയും ചേർന്നാണ് ​ഗാനം ആലപിച്ചത്.

2018-ൽ പുറത്തിറങ്ങിയ അന്ധാധുൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അന്ധാ​ഗൻ. പ്രശാന്തിന്റെ പിതാവും നടനുമായ ത്യാ​ഗരാജനാണ് സംവിധാനം. പ്രിയാ ആനന്ദ്, സിമ്രാൻ, കാർത്തിക്, സമുദ്രക്കനി, ഉർവശി, യോ​ഗി ബാബു, കെ.എസ്. രവികുമാർ, വനിതാ വിജയകുമാർ, അന്തരിച്ച നടൻ മനോബാല എന്നിവരാണ് മുഖ്യവേഷങ്ങളിൽ.

Content Highlights: music director santhosh narayanan against andhagan movie makers