'മുകുന്ദൻ ഉണ്ണി'യുടെ സെറ്റിൽ സംവിധായകനുമായി ആശയസംഘട്ടനം ഉണ്ടായിരുന്നു -വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ, അഭിനവ് സുന്ദർ നായക് | ഫോട്ടോ: www.facebook.com/sunder.abhinav/photos
വിനീത് ശ്രീനിവാസൻ, അഭിനവ് സുന്ദർ നായക് | ഫോട്ടോ: www.facebook.com/sunder.abhinav/photos

സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ പ്രചാരണംകൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനാവുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തേക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാവുകയാണ്. ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സുന്ദർ നായകുമായി ആശയസംഘട്ടനം ഉണ്ടായിരുന്നു എന്നതാണത്.

ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു വിനീതിന്റെ ഈ പ്രതികരണം. ഇരുവരും തമ്മിലുണ്ടായിരുന്ന ഐഡിയോളജിക്കൽ ക്ലാഷുകൾ സൗഹാർദ്ദപരമായിരുന്നു. രണ്ടുപേരുടെയും ചിന്തകൾ തീർത്തും വ്യത്യസ്തമായിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു. ഡയറക്ടർ കൂടിയായ വിനീത് ഒരിക്കലും തന്നെ ഒരു കാര്യത്തിലും നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ അഭിനവും വ്യക്തമാക്കി. 

ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. കേസില്ലാത്ത സ്വാർത്ഥനായ വക്കീലാണ് മുകുന്ദന്‍ ഉണ്ണി. വിനീത് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തനാണ്‌ അഡ്വ. മുകുന്ദന്‍ ഉണ്ണി.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത്. നവംബര്‍ 11 ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: mukundan unni associates movie promotion, vineeth sreenivasan, abhinav sunder naik