പ്രണയിക്കാൻ ഇപ്പോൾ സമയമില്ല, സ്വന്തം ആരോഗ്യം നോക്കാൻ പോലും പറ്റുന്നില്ല- മൃണാൾ ഠാക്കൂർ

#Movies Desk
മൃണാൾ ഠാക്കൂർ
മൃണാൾ ഠാക്കൂർ

തെന്നിന്ത്യൻ താരങ്ങളായ ധനുഷും മൃണാൾ ഠാക്കൂറും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയിട്ടില്ലെന്നുമാത്രമല്ല മൃണാൾ നിരവധിതവണ താൻ പ്രണയത്തിലല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് പ്രണയിക്കാൻ സമയമില്ലെന്നും ആരോഗ്യം നോക്കാൻ പോലും വേണ്ടത്ര സമയം കിട്ടുന്നില്ലെന്നും പറയുകയാണ് മൃണാൾ‌.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് മൃണാൾ ഇതേക്കുറിച്ച് പങ്കുവെച്ചത്. പണ്ട് ഇത്തരം കുപ്രചാരണങ്ങൾ തന്നെ ബാധിക്കുമായിരുന്നുവെന്നും ഇപ്പോൾ താൻ അവയൊന്നും വകവെക്കാറില്ലെന്നും മൃണാൾ പറഞ്ഞു. പക്ഷേ പുറത്തെ അത്തരം പ്രചാരണങ്ങൾ തനിക്ക് വരുന്ന കഥാപാത്രങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും മൃണാൾ പറഞ്ഞു. ആളുകൾ ആരേയും സ്വഭാവഹത്യ നടത്തുന്നത് തന്റെ ഹൃദയം തകർക്കുന്ന കാര്യമാണ്. സ്ക്രീനിൽ താൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടണമെന്നാണ് ആഗ്രഹം. അല്ലാതെ ആരെ പ്രണയിക്കുന്നു എന്നതിന്റെ പേരിലല്ല.

പ്രണയിക്കാൻ തനിക്കിപ്പോൾ സമയമില്ലെന്നും സ്വന്തം ആരോഗ്യം പരിപാലിക്കാനുള്ള സമയംപോലുമില്ലെന്നും മൃണാൾ പറഞ്ഞു. സത്യമായിട്ടും പ്രണയിക്കാൻ സമയമില്ല. ലിഗമെന്റ് പരിക്കിന് ചികിത്സിക്കാൻ പോലും സമയം കിട്ടിയില്ല. എന്നെങ്കിലും പ്രണയത്തിലായാൽ അത് താൻ തന്നെ ലോകത്തോട് തുറന്നുപറയുമെന്നും മൃണാൾ പറഞ്ഞു.

തന്നേക്കുറിച്ചുള്ള കുപ്രചാരണങ്ങൾക്ക് പിന്നിൽ കർമയാണ് എന്നാണ് കരുതുന്നതെന്നും മൃണാൾ പറയുന്നുണ്ട്. കർമയിലും ഭൂതകാലത്തിലും വിശ്വസിക്കുന്നയാളാണ്. മുൻകാലജീവിതത്തിൽ എന്തെങ്കിലും തെറ്റുകൾ ചെയ്തതിന്റെ ഫലമാവാം ഇത്. അത് സ്വീകരിച്ച് മുന്നോട്ടുപോവുക. - മൃണാൾ പറഞ്ഞു.

മൃണാൾ അഭിനയിച്ച സൺ ഓഫ് സർദാർ 2-ന്റെ പ്രദർശനത്തിന് ധനുഷ് എത്തിയതോടെയാണ് പാപ്പരാസികൾ പൊടിപ്പും തൊങ്ങലും വെച്ചുള്ള പ്രണയകഥകൾ മെനഞ്ഞ് തുടങ്ങിയത്. ഇതിൽ മൃണാൾ തന്നെ പിന്നീട് വ്യക്തത വരുത്തുകയും ചെയ്തിരുന്നു.

തേരെ ഇഷ്‌ക് മെയിൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് താൻ അദ്ദേഹത്തോട് സൺ ഓഫ് സർദാർ സിനിമയുടെ പ്രദർശനത്തിന് വരുമോയെന്ന് ചോദിച്ചതെന്നും അദ്ദേഹം വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മൃണാൾ പറഞ്ഞു. അദ്ദേഹം ആ സിനിമ കാണാൻ എത്തിയതിൽ വളരെയേറെ സന്തോഷമായി. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് താൻ അറിയിച്ചിരുന്നുവെന്നും മൃണാൾ പറഞ്ഞിരുന്നു.

Content Highlights: Mrunal Thakur explicitly denies dating rumors involving actor Dhanush., The actress emphasizes that she currently lacks time for relationships due to a demanding work schedule