'സമസ്തമേഖലയും മാനവികതയുമായി സമന്വയിപ്പിച്ച ഗുരുസ്ഥാനീയന്‍'; പിഇബി മേനോനെ അനുസ്മരിച്ച് മോഹന്‍ലാല്‍

പി.ഇ.ബി. മേനോൻ മോഹൻലാലിനോടൊപ്പം, പി.ഇ.ബി. മേനോൻ | Photo: Mathrubhumi
പി.ഇ.ബി. മേനോൻ മോഹൻലാലിനോടൊപ്പം, പി.ഇ.ബി. മേനോൻ | Photo: Mathrubhumi

അന്തരിച്ച ആര്‍എസ്എസ് മുന്‍കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്നു പി.ഇ.ബി. മേനോന്‍ എന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ ആദ്യത്തെ മാനേജിങ് ഡയറക്ടറായിരുന്നു പി.ഇ.ബി. മേനോന്‍ എന്ന് മോഹന്‍ലാല്‍ ഓര്‍മിച്ചു. തന്റെ മാതാപിതാക്കളുടെ പേരില്‍ 2015-ല്‍ മോഹന്‍ലാല്‍ സ്ഥാപിച്ച എന്‍ജിഒയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍.

'ആദരണീയനായ പി.ഇ.ബി. മേനോന്‍ സാര്‍ നമ്മോട് വിടപറഞ്ഞു. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹം, കേരളത്തിലെ അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്. വിശ്വശാന്തി ഫൗണ്ടേഷന്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറും മാര്‍ഗ്ഗദര്‍ശിയും ആയിരുന്നു മേനോന്‍സാര്‍', മോഹന്‍ലാല്‍ കുറിച്ചു.

'അദ്ദേഹം ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, അവയെല്ലാം വിജയകരമായി നടപ്പിലാക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, വേദനയോടെ ആദരാഞ്ജലികള്‍', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്നു പി.ഇ.ബി. മേനോന്‍. സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു.

Content Highlights: Mohanlal pays tribute to P.E.B. Menon, remembering him as a guru who integrated all sectors with humanity and a dedicated servant. Menon was a chartered accountant and the first MD of Mohanlal`s Viswasanthi Foundation.