മോഹൻലാൽ മുതൽ അമിതാഭ് ബച്ചൻവരെ; വ്യക്തിത്വ അവകാശത്തിന് നിയമപോരാട്ടവുമായി സെലിബ്രിറ്റികൾ

കൊച്ചി: സാമൂഹിക മാധ്യമങ്ങളുടെയും ജനറേറ്റീവ് എ.ഐ.യുടെയും വളർച്ചയോടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമയുദ്ധത്തിനിറങ്ങി സെലിബ്രിറ്റികൾ. ഡൽഹി ഹൈക്കോടതിയിൽനിന്ന് ഇടക്കാല ഉത്തരവ് നേടി നടൻ മോഹൻലാലും ഇതിൽ കണ്ണിയായി.
കാലങ്ങൾകൊണ്ട് വളർത്തിയെടുത്ത പൊതുസ്വീകാര്യതയെ മറ്റാർക്കും വാണിജ്യതാത്‌പര്യത്തോടെ അനുമതിയില്ലാതെ ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പാക്കുകയാണ് സെലിബ്രിറ്റികളുടെ ലക്ഷ്യം. 2022-ൽ അമിതാഭ് ബച്ചൻ തുടങ്ങിവെച്ചതാണ് ഈ പോരാട്ടം. പിന്നീട് അനിൽ കപൂർ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സോനാക്ഷി സിൻഹ തുടങ്ങിയവരും ഇതിന്റെ ഭാഗമായി. സുനിൽ ഗാവസ്‌കറും രാംദേവുമുണ്ട് ഈ പട്ടികയിൽ.
സെലിബ്രിറ്റി ഒരു ബ്രാൻഡാണ്
ആധുനിക വിനോദവ്യവസായത്തിൽ സെലിബ്രിറ്റി വെറും വ്യക്തിയല്ല, ബ്രാൻഡാണ്. ആ ബ്രാൻഡിനെ നിർമിതബുദ്ധി (എ.ഐ.) സഹായത്തോടെ ഡീപ്‌ഫേക്കുകളിലൂടെയും ശബ്ദാനുകരണത്തിലൂടെയും വാണിജ്യ ആവശ്യങ്ങൾക്ക് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായാണ് പരാതി. തങ്ങളുടെ പേരും ശബ്ദവും ചിത്രവും വ്യക്തിപരമായ സവിശേഷതകളും വാണിജ്യ ആവശ്യങ്ങൾക്കായി ആരും വെറുതേ ഉപയോഗിക്കരുതെന്നാണ് അവരുടെ ആവശ്യം.
പിടിവള്ളി ബൗദ്ധികസ്വത്തവകാശ നിയമം
ബൗദ്ധികസ്വത്തവകാശ (ഐ.പി.) നിയമം വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്കും വ്യാപിപ്പിക്കുകയാണ് ഈ നിയമപോരാട്ടം. സെലിബ്രിറ്റിയുടെ ഖ്യാതി അനുമതിയില്ലാതെ ഉപയോഗിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
പൊതുവ്യക്തി ആയിരിക്കുമ്പോൾത്തന്നെ സ്വകാര്യത നഷ്ടമാകുന്നില്ലെന്നും വ്യക്തിത്വ അവകാശങ്ങളിൽനിന്ന് സാമ്പത്തികനേട്ടം ഉണ്ടാക്കാമെന്നും നിയമം അംഗീകരിക്കുന്നുണ്ട്. സാധാരണയായി ഇത്തരം കേസുകൾ ഡൽഹി ഹൈക്കോടതിയാണ് പരിഗണിക്കുന്നതെന്നതിനാലാണ് മോഹൻലാലും അവിടെ ഹർജിനൽകിയത്.
ജോൺ ഡോ ഇൻജങ്ഷൻ
മീമുകൾ, വോയ്‌സ് ഫിൽട്ടറുകൾ, എ.ഐ. ജനറേറ്റഡ് വീഡിയോകൾ എന്നിവയാണ് ‘ഡിജിറ്റൽ മോഷണ’ത്തിനായി ഉപയോഗിക്കുന്നത്. അതിനെതിരേ ജോൺ ഡോ ഇൻജങ്ഷനാണ് കോടതി പുറപ്പെടുവിക്കുന്നത്. അജ്ഞാതവ്യക്തികൾക്കെതിരേ കോടതി പുറപ്പെടുവിക്കുന്നതാണ് ജോൺ ഡോ ഇൻജങ്ഷൻ. ആർക്ക് അനുകൂലമായാണോ ഉത്തരവ് ലഭിക്കുന്നത് അവരുടെ പേര് പരാമർശിക്കുന്ന പോസ്റ്റുകളൊക്കെ തടയാൻ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഇതോടെ നിർബന്ധിതരാകും.
Content Highlights: Following in the footsteps of legends like Amitabh Bachchan, Malayalam superstar Mohanlal has approached the Delhi High Court and secured an interim order to prevent the unauthorized commercial use of his name, voice, and image by AI and deepfake technologies