ജെയ്‌സ് ജോസ് പ്രധാനവേഷത്തിൽ; 'അരികിൽ' ടൈറ്റിൽ മോഹൻലാൽ പ്രകാശനം ചെയ്തു

#മൂവീസ് ഡെസ്‌ക്
'അരികിൽ' പോസ്റ്റർ, ടൈറ്റിൽ മോഹൻലാൽ പ്രകാശനം ചെയ്യുന്നു
'അരികിൽ' പോസ്റ്റർ, ടൈറ്റിൽ മോഹൻലാൽ പ്രകാശനം ചെയ്യുന്നു

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'അരികിൽ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. 'ലൂസിഫർ', 'ഗുമസ്തൻ', 'ആഘോഷം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അവതരണത്തിലും കഥയിലും പ്രത്യേകതകൾ നിറഞ്ഞതാണ്. തികഞ്ഞ ഒരു പരീക്ഷണ ചിത്രം എന്നാണ് സംവിധായകൻ 'അരികിലി'നെ വിശേഷിപ്പിച്ചത്.

സ്‌നേഹം പറയാനോ, പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവസ്വഭാവക്കാരനായ മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. ഭാര്യയുടെ സ്‌നേഹം പോലും തിരിച്ചറിയാൻ അയാൾക്ക് കഴിഞ്ഞില്ല. ചില പ്രത്യേക സാഹചര്യങ്ങൾ അയാളെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിക്കുന്നു. ഒറ്റപ്പെട്ട ജീവിതത്തിനിടെയുണ്ടാവുന്ന തിരിച്ചറിവുകൾ അകന്നുപോയവരുടെ അരികിലേക്ക് എത്താൻ ആഗ്രഹമുദിക്കുന്നു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ 'അരികിൽ' എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെ ജെയ്സ് ജോസ് അവതരിപ്പിക്കുന്നു.

ഡാഡീസ് ഡ്രീം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കോ- പ്രൊഡക്ഷൻ സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്. ശനിയാഴ്ച ചിത്രീകരണമാരംഭിക്കും. വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായാണ് ചിത്രീകരണം.

ഛായാഗ്രഹണം: സിബി ജോസഫ്, എഡിറ്റിങ്: സുജീർ ബാബു സുരേന്ദ്രൻ, പ്രൊജക്ട് ഡിസൈനർ: ഷാജു സെബാസ്റ്റ്യൻ, കലാസംവിധാനം: മോഹൻദാസ്, കോസ്റ്റിയൂം ഡിസൈൻ: ഷാജു സെബാസ്റ്റിയൻ, മേക്കപ്പ്: മാളു എസ്. പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കെ. മത്തായി, പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Mohanlal unveiled the title of the upcoming Malayalam film Arikil, written and directed by debutant Rajeesh Rajan. Actor Jais Jose plays the lead role of Madhavan Nair, a reserved man whose isolated life leads to emotional realizations. Produced under the banner of Daddy's Dream Entertainment with Sreejith Edavana composing the music, filming begins on Saturday in Vadakkanchery and Palakkad.