മോഹിച്ചുപിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ; 'മോഹനവള്ളി' ആരംഭിച്ചു

#Movies Desk
മോഹനവള്ളി പൂജാ ചടങ്ങിൽനിന്ന്
മോഹനവള്ളി പൂജാ ചടങ്ങിൽനിന്ന്

ഓരോ മനുഷ്യന്റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനിനാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ 'മോഹനവള്ളി'യാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു.

അത് അഴിക്കാനുള്ള ശ്രമത്തിന്റെ രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരണമാണ് മോഹനവള്ളി എന്ന ചിത്രം. ഹൊറർ- ഫാന്റസി- ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ശേഷമാണ് ഉമേഷ് സംവിധായകനിരയിലേക്കെത്തുന്നത്.

ജെ. സ്റ്റുഡിയോസ്, എ2എ മൂവി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ചിത്രത്തിന് ഞായറാഴ്ച്ച ആരംഭം കുറിച്ചു. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമായത്.

പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവനാണ് സ്വിച്ചോൺ കർമം നിർവ്വഹിച്ചത്. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി. അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടിൽ അഭിനയിച്ചു. സംവിധായകൻ ലിയോ തദേവൂസ് ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.

സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടണ് കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, അബിൻബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പാലക്കാട് കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

രചന: രാഹുൽ കല്യാൺ, സംഗീതം: അർക്കാഡോ, ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ, എഡിറ്റിങ്: സുനേഷ് സെബാസ്റ്റ്യൻ, കലാസംവിധാനം: മകേഷ് മോഹൻ, മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ, സൗണ്ട് മിക്‌സിങ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ: യെല്ലോടൂത്ത്, മാർക്കറ്റിങ്: ഓപറ, സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Directed by debutant Umesh S Nair, blending horror, fantasy, and humor. Features Azees Nedumangad in the lead role of Premadasan. Produced by J Studios and A2A Movie Studios. Filming locations include Kollengode, Pollachi, and Palani. Star-studded supporting cast including Baiju Santhosh and Bindu Panicker