98 ശതമാനവും ഭേദമായി, സൈഡ് ഒക്കെ ശരിയായി; ആശ്വാസവാർത്ത പങ്കുവെച്ച് മിഥുൻ

മിഥുൻ രമേശ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, ബി.മുരളികൃഷ്ണൻ \ മാതൃഭൂമി
മിഥുൻ രമേശ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, ബി.മുരളികൃഷ്ണൻ \ മാതൃഭൂമി

ടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഈയിടെയായിരുന്നു. സംഭവം വാർത്തകളിലും ഇടംപിടിച്ചിരുന്നു. മിഥുൻ തന്നെയാണ് ഒരു വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ ഏറെ ആശ്വാസകരമായ വാർത്തയുമായി വീണ്ടുമെത്തിയിരിക്കുകയാണ് മിഥുൻ.

തന്റെ ആരോ​ഗ്യനില ഏറെ മെച്ചപ്പെട്ടതായി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിൽ മിഥുൻ പറഞ്ഞു. '98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്', മിഥുൻ രമേശ് വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് അസുഖത്തേ തുടർന്ന് മിഥുൻ രമേശിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോ​ഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോ​ഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല. 

അക്യൂട്ട് പെരിഫെറൽ ഫേഷ്യൽ പാൾസി എന്നും ഈ രോ​ഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങൾ കാണാം. രോ​ഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദ​ഗ്ധർ കരുതുന്നു. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്. 

ആഴ്ച്ചകൾ‌ക്കുള്ളിൽ ലക്ഷണങ്ങൾ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോ​ഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോ​ഗം വരാനുള്ള സാധ്യതയും കുറവാണ്. നേരത്തെ കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് ഈ അസുഖം വന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. മലയാളി സിനിമാ, സീരിയൽ താരം മനോജിനും മുൻപ് ഈ അസുഖം വന്നിരുന്നു.

Content Highlights: mithun ramesh about his health condition, mithun ramesh instagram story