ഇത് സ്വപ്‌നസാഫല്യം; ടൊവിനോയ്ക്ക് 'മിന്നല്‍ മുരളി' സമ്മാനിച്ച് കെ.പി. അരുണ്‍

#ഇ.സവീഷ്
അരുണ്‍ ടൊവിനോയ്ക്ക് മിനിയേച്ചറും ഫ്രെയിം ചെയ്ത പോസ്റ്ററും കൈമാറുന്നു, അരുണ്‍ നിര്‍മിച്ച 'മിന്നില്‍ മുരളി'യുടെ മിനിയേച്ചര്‍
അരുണ്‍ ടൊവിനോയ്ക്ക് മിനിയേച്ചറും ഫ്രെയിം ചെയ്ത പോസ്റ്ററും കൈമാറുന്നു, അരുണ്‍ നിര്‍മിച്ച 'മിന്നില്‍ മുരളി'യുടെ മിനിയേച്ചര്‍

കക്കോടി: ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രോം കാരണം ശാരീരികപ്രയാസമനുഭവിക്കുന്ന കക്കോടി മോരിക്കരയിലെ കെ.പി. അരുണിന് ഇത് സ്വപ്നസാഫല്യം. നടന്‍ ടൊവിനോ തോമസ് അരുണിന് സ്‌നേഹസമ്മാനമായി നല്‍കിയ കംപ്യൂട്ടറില്‍ അരുണ്‍തന്നെ ഡിസൈന്‍ചെയ്ത ടൊവിനോ അഭിനയിച്ച എ.ആര്‍.എം. സിനിമയുടെ പോസ്റ്ററും മിന്നല്‍ മുരളിയുടെ മിനിയേച്ചറും നേരിട്ട് അദ്ദേഹത്തിന് കൈമാറി. വയനാട്ടിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നേരിട്ടെത്തിയാണ് കൈമാറിയത്. ടൊവിനോ നല്‍കിയ കംപ്യൂട്ടറില്‍ ഫോട്ടോ ഡിസൈന്‍ചെയ്ത് അദ്ദേഹത്തിന് നല്‍കണമെന്ന് കംപ്യൂട്ടര്‍ കിട്ടിയപ്പോള്‍തന്നെ വിചാരിച്ചിരുന്നെന്ന് അരുണ്‍ പറഞ്ഞു.

ഹൈപ്പര്‍ മൊബിലിറ്റി സിന്‍ഡ്രോം കാരണം അരുണിന് ഒരുകാര്യവും തുടര്‍ച്ചയായി ഇരുന്ന് ചെയ്യാന്‍ സാധിക്കാത്ത പ്രയാസം ഉണ്ടായിരുന്നു. ഡിസൈനിങ് ജോലിയില്‍ നല്ല താത്പര്യമുള്ളതിനാല്‍ കംപ്യൂട്ടറില്‍ ചെയ്യാറായിരുന്നു പതിവ്. ശാരീരിക വേദനകള്‍ക്കിടയിലും യുട്യൂബ് നോക്കിയാണ് അരുണ്‍ സ്വന്തമായി ഗ്രാഫിക് ഡിസൈനിങ് പഠിച്ചെടുത്തത്.

ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം വിലയുള്ള കംപ്യൂട്ടറാണ് ടൊവിനോ ഒന്നരമാസം മുന്‍പ് അരുണിന് സമ്മാനമായി നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, കെ. സുരേഷ്, അല്‍ബാബു, ടി.എം. അര്‍ഷാദ് തുടങ്ങിയവരോടൊപ്പമാണ് വയനാട്ടിലേക്ക് ടൊവിനോയെ കാണാന്‍ പോയത്.

Content Highlights: minnal murali miniature and arm movie