മലയാളികളുടെ സൂപ്പർഹീറോ വീണ്ടും വരുന്നു; ടിങ്കിളിലൂടെ കോമിക് ബുക്ക്സിന്റെ ലോകത്തേയ്ക്ക് മിന്നൽ മുരളി

മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോയെ നൽകിയ ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽമുരളി'. സൂപ്പർഹീറോയായ മിന്നൽ മുരളിയായി ടൊവിനോ മിന്നിയതോടെ കഥാപാത്രത്തിന് ആരാധകരുമേറി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സോഫിയ പോളാണ് ചിത്രം നിർമിച്ചത്.
ഇപ്പോഴിതാ, പ്രമുഖ കോമിക് മാഗസിനായ ടിങ്കിളിലൂടെ മിന്നൽ മുരളി വീണ്ടുമെത്തുകയാണ്. നിർമാതാവ് സോഫിയാ പോളാണ് വിവരം പങ്കുവെച്ചത്. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്. പ്രശസ്തമായ സാൻഡിയാഗോ കോമിക് കോണിൽ വെച്ച് മിന്നല്‍മുരളിയെ അവതരിപ്പിക്കും.
ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിൽ അജു വർഗീസ്, ഹരിശ്രീ അശോകൻ, ഗുരു സോമസുന്ദരം തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവഹിച്ചത്. ഷാൻ റഹ്മാനും സുഷിൻ ശ്യാമുമായിരുന്നു സംഗീതം. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസായിരുന്നു.
Content Highlights: Minnal Murali in Indian comic magazine Tinkle says producer sophia paul