മിന്നൽ മുരളി 2 വരുന്നു? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് നിർമാതാവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച സൂപ്പർ ഹീറോ ചിത്രങ്ങൾ ഇങ്ങിവിടെ മലയാളത്തിലും പറ്റും എന്ന് തെളിയിച്ച ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. 2021-ലെ ക്രിസ്മസ് റിലീസായി നെറ്റ്ഫ്ളിക്സിൽ നേരിട്ടെത്തുകയായിരുന്നു ചിത്രം.
ഓ.ടി.ടിയിലാണെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കാൻ ചിത്രത്തിനായിരുന്നു. അന്നുമുതലേ ഏവരും ചോദിക്കുന്ന ചോദ്യമാണ് മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുമോ എന്ന്. ഈ ചോദ്യം ഇപ്പോൾ വീണ്ടും ശക്തിയാർജിച്ചിരിക്കുകയാണ്. അതിന് കാരണമാവട്ടെ ചിത്രത്തിന്റെ നിർമാതാവ് സോഫിയാ പോൾ ഞായറാഴ്ച പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയും.
മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രമാണ് സോഫിയ പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിന്നൽ എന്ന ഹാഷ് ടാഗും രണ്ട് മിന്നൽ ചിഹ്നങ്ങളും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരികയാണെങ്കിൽ വലിയ ക്യാൻവാസിലുള്ള ചിത്രമായിരിക്കുമെന്ന് മുമ്പ് സംവിധായകൻ ബേസിൽ ജോസഫ് അടക്കമുള്ള അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ഗുരു സോമസുന്ദരം എന്ന നടൻ മലാളത്തിൽ ചുവടുറപ്പിച്ച ചിത്രംകൂടിയായിരുന്നു മിന്നൽ മുരളി. മിന്നൽ ഷിബു എന്ന വില്ലൻ കഥാപാത്രമായി അദ്ദേഹം കയ്യടി നേടി. ഫെമിന, ഷെല്ലി, സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി. ഛായാഗ്രഹണം സമീർ താഹിറും സംഗീതസംവിധാനം ഷാൻ റഹ്മാനും നിർവഹിച്ചു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് സോഫിയാ പോൾ മിന്നൽ മുരളി നിർമിച്ചത്.
Content Highlights: minnal murali 2 coming, producer sophia paul instagram story, tovino thomas and basil joseph