തെലുങ്ക് മെര്‍സലില്‍ ജി.എസ്.ടി സീന്‍ വെട്ടിയില്ല, പക്ഷേ, ആരും ഒന്നും കേട്ടില്ല

ബി.ജെ.പിയുടെ ഭീഷണിയും സമ്മര്‍ദവും ഫലം കണ്ടു. വിജയ് നായകനായ മെര്‍സലിന്റെ തെലുങ്ക് പതിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കുമെതിരായ വിമര്‍ശനങ്ങളില്ല.
അദിരിന്ധി എന്നു പേരിട്ട ചിത്രത്തില്‍ നിന്ന് ഈ സീനുകള്‍ വെട്ടിമാറ്റിയതല്ല. ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ സീനുകളില്‍ ഡയലോഗുകള്‍ നിശബ്ദമാക്കുകയാണ് ചെയ്തത്. നോട്ട്‌നിരോധനം, ജി.എസ്.ടി എന്നീ രണ്ട് വാക്കുകളും മ്യൂട്ട് ചെയ്താണ് ചിത്രത്തിന്റെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. തമിഴില്‍ വന്‍ വിജയം നേടിയ ചിത്രം തെലുങ്കില്‍ കഴിഞ്ഞ ദിവസമാണ് മൊഴിമാറ്റി റിലീസ് ചെയ്തത്.
സെന്‍സര്‍ ബോര്‍ഡിന്റെ ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് വിവാദ സീനുകള്‍ മ്യൂട്ട് ചെയ്തതെന്നാണ് അറിയുന്നത്. വിവാദ സീനുകള്‍ വെട്ടിമാറ്റുകയോ മൂട്ട് ചെയ്യുകയോ വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.
ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതിഘടനകളെ താരതമ്യം ചെയ്തുകൊണ്ടുള്ള നായകന്‍ വിജയിന്റെ ഡയലോഗാണ് ബി.ജെ.പി.യെ പ്രകോപിപ്പിച്ചത്. ഏഴ് ശതമാനം മാത്രം ജി.എസ്.ടി.യുള്ള സിംഗപ്പൂരില്‍ ചികിത്സ സൗജന്യമാണെന്നും എന്നാല്‍, 27 ശതമാനം ജി.എസ്.ടി. ഈടാക്കുന്ന ഇന്ത്യയില്‍ സൗജന്യ ചികിത്സ ഇല്ലെന്നുമാണ് വിജയിന്റെ മാസ് ഡയലോഗ്.
എന്നാല്‍, തിയേറ്ററില്‍ കൈയടി കിട്ടിയ ഈ ഡയലോഗ് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞാണ് ബി.ജെ.പി രംഗത്തുവന്നത്. കേന്ദ്രമന്തി പൊന്‍ രാധാകൃഷ്ണന്‍, പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന അധ്യക്ഷ തമിളിശൈ സൗന്ദര്‍രാജന്‍ എന്നിവരാണ് ചിത്രത്തെ വിമര്‍ശിച്ചും ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടും രംഗത്തുന്നത്. ജോസഫ് വിജയ് എന്ന പേര് ഉപയോഗിച്ച് വിവാദത്തിന് വര്‍ഗീയ നിറം ചാര്‍ത്തുകയും ചെയ്തിരുന്നു എച്ച്.രാജ.
എന്നാല്‍, ഈ രാഷ്ട്രീയ വിവാദം ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്യുകയാണുണ്ടായത്. സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന് വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിനുശേഷമാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളില്‍ എത്തിയത്.
ഇതിനിടെ ചിത്രത്തില്‍ ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുക്കമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കള്‍ ബി.ജെ.പി. നേതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആദ്യം ഒക്‌ടോബര്‍ 27ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്യാതിരുന്നതിനാല്‍ തിയേറ്ററില്‍ എത്താന്‍ വൈകുകയായിരുന്നു.
വിവാദ ഡയലോഗുകള്‍ മ്യൂട്ട് ചെയ്തതിനെതിരെയും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സിനിമാചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മ്യൂട്ട് എന്നാണ് ഒരാള്‍ ട്വിറ്ററില്‍ വിമര്‍ശിച്ചത്. ജി. എസ്.ടി. ഡയലോഗ് മ്യൂട്ട് ചെയ്തതോടെ ക്ലൈമാക്‌സ് ദുര്‍ബലമായെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: Mersal Vijay Telugu version Adirindhi GST, demonetisation bjp HRaja Narendra Modi


VIEW ON mathrubhumi.com