ലൗലാജന്റെ സ്വന്തം നൈസി; തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന് നായികയായി മീരാ ജാസ്മിൻ

'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് മീരാ ജാസ്മിൻ. ഇക്കാര്യം അറിയിച്ചുകൊണ്ട് തരുൺ മൂർത്തി തന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചത്. മീരയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് മീരയുടെ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടത്.
നൈസി എന്നാണ് മീരാ ജാസ്മിന്റെ കഥാപാത്രത്തിന്റെ പേര്. 'ലൗലാജന്റെ നൈസി' എന്ന ക്യാപ്ഷനോടെയാണ് തരുൺ മൂർത്തി പോസ്റ്റർ പങ്കുവെച്ചത്. നേരത്തേ മോഹൻലാൽ അവതരിപ്പിക്കുന്ന ലൗലാജൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാർ പുറത്തുവിട്ടിരുന്നു. മീശപിരിച്ച് കയ്യിൽ പോലീസ് ഷൂസുമായി നിൽക്കുന്ന ലാലിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.
ഇനിയും പേര് പുറത്തുവിടാത്ത ചിത്രം എൽ366 എന്നാണ് അറിയപ്പെടുന്നത്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ആഷിഖ് ഉസ്മാനാണ്. തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം -ജേക്സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ -ഗോകുൽദാസ്, കോസ്റ്റ്യൂം -മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -സുധർമൻ, രചന -രതീഷ് രവി, മേക്കപ്പ് -റോണെക്സ് സേവിയർ.
2006-ൽ പുറത്തിറങ്ങിയ രസതന്ത്രം എന്ന ചിത്രത്തിലാണ് മോഹൻലാലും മീരാ ജാസ്മിനും ആദ്യമായി ഒന്നിച്ച് വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ആകാശഗോപുരം എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തി. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിൽ മീരാ ജാസ്മിൻ അതിഥിവേഷത്തിലെത്തിയിരുന്നു.
Content Highlights: Following the success of 'Thudarum', Mohanlal and Tharun Moorthy reunite for L366. Meera Jasmine stars as 'Naisy' opposite Mohanlal’s police character 'Lovelajan'. The character poster was released on the actress’s birthday.