രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ നാള്‍വഴികള്‍;'ദി വയല്‍:ഇന്ത്യാസ് വാക്‌സിന്‍ സ്റ്റോറി' വരുന്നു

ട്രെയിലറില്‍ നിന്നും | photo: screen grab
ട്രെയിലറില്‍ നിന്നും | photo: screen grab

ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ നാള്‍വഴി ചേര്‍ത്ത് തയ്യാറാക്കിയ ഡോക്യുമെന്ററി 'ദി വയല്‍: ഇന്ത്യാസ് വാക്‌സിന്‍ സ്റ്റോറി' ഹിസ്റ്ററി ടിവി 18-നിലൂടെ സംപ്രേഷണംചെയ്യുന്നു. വെള്ളിയാഴ്ച വൈകീട്ട് എട്ടിനാണ് സംപ്രേഷണം.

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതികളിലൊന്നായിരുന്നു ഇന്ത്യയിലേത്. ഡോക്യുമെന്ററിയില്‍ അവതാരകനായി എത്തുന്നത് ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയ് ആണ്. 60 മിനിറ്റാണ് ദൈര്‍ഘ്യം. കോവിഡ് രൂക്ഷമായ സമയത്ത് രാജ്യം വാക്‌സിന്‍ വികസിപ്പിക്കുന്നതും രാജ്യത്ത് നല്‍കുന്നതും വിദേശത്തേക്ക് കയറ്റി അയക്കുന്നതുമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

പ്രധാനമന്ത്രി നരേന്ദ്രമോദി, അഡാര്‍ പൂനവാല (സി.ഇ.ഒ., സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ), ബില്‍ ഗേറ്റ്‌സ് (മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍), ഡോ. സുമിത് അഗര്‍വാള്‍ (ഐ.സി.എം.ആര്‍. ശാസ്ത്രജ്ഞന്‍) തുടങ്ങിയവരും ഡോക്യുമെന്ററിയില്‍ വരുന്നു. കോവിഡ് കാലത്ത് ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരം കൂടിയാണ് ഈ ഡോക്യുമെന്ററി എന്ന് അവതാരകനായ മനോജ് ബാജ്‌പേയ് പറഞ്ഞു. നമ്മള്‍ ഇന്ന് ധൈര്യപൂര്‍വം വീടുകള്‍ക്ക് പുറത്തിറങ്ങുന്നതിന്റെ കാരണം ആരോഗ്യപ്രവര്‍ത്തകരാണെന്നും താരം വ്യക്തമാക്കി. ഈ ഡോക്യുമെന്ററിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 

Content Highlights: Manoj Bajpayee in ‘The Vial India’s Vaccine Story’ documentary trailer released