ചമ്പൽ കൊള്ളക്കാരൻ മാൻസിംഗ് എന്നെ അന്വേഷിച്ച് ഷൂട്ടിങ് സെറ്റിൽ വന്നിട്ടുണ്ട് -മനോജ് ബാജ്പേയി

മധ്യപ്രദേശിലെ ചമ്പൽക്കൊള്ളക്കാരിയും മുൻ എം.പിയുമായിരുന്ന ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994-ൽ ശേഖർ കപൂർ ഒരുക്കിയ ചിത്രമായിരുന്നു ബൻഡിറ്റ് ക്വീൻ. നടൻ മനോജ് ബാജ്പേയിയുടെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ ഫൂലൻ ദേവിക്കൊപ്പമുണ്ടായിരുന്ന മാൻസിംഗ് എന്ന കഥാപാത്രത്തേയായിരുന്നു മനോജ് അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ നടന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം,
ബൻഡിറ്റ് ക്വീനിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കേ യഥാർഥ മാൻസിംഗ് തന്നെ അന്വേഷിച്ച് സെറ്റിൽ വന്നു എന്നാണ് മനോജ് ബാജ്പേയി പറഞ്ഞത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. സെറ്റിൽ വന്ന മാൻസിംഗ് തന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നടനെ തിരക്കിയെന്നും ഇതറിഞ്ഞപ്പോൾ ഭയമൊന്നും തോന്നിയില്ലെന്നും മനോജ് ബാജ്പേയി പറഞ്ഞു. മാൻസിംഗ് സ്വയം ഭയന്ന അവസ്ഥയിലായിരുന്നു. സദാ ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനേയാകും ആൾക്കൂട്ടത്തിനിടയിൽ മറയുക. മാൻസിംഗിനെ കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അതിൽ നിന്നുതന്നെ അയാൾ സന്തോഷകരമായ ജീവിതമായിരുന്നില്ല നയിച്ചിരുന്നതെന്ന് മനസിലായെന്ന് മനോജ് ചൂണ്ടിക്കാട്ടി.
സിനിമയിലെ പ്രകടനത്തിന് സഹായകമാവുന്ന തരത്തിൽ ഒരു ചോദ്യം താൻ മാൻസിംഗിനോട് ചോദിച്ചതായി മനോജ് ബാജ്പേയി പറഞ്ഞു. ഫൂലനെ എങ്ങനെയാണ് മാൻ ഉൾപ്പെടെയുള്ള സംഘാംഗങ്ങൾ കാണുന്നതെന്നായിരുന്നു നടന്റെ ചോദ്യം. തങ്ങളാരും ഫൂലനെ സ്ത്രീയെന്ന രീതിയിൽ കണ്ടിട്ടില്ലെന്നും അവരെ മുന്നിൽ നിർത്തുകയായിരുവെന്നുമായിരുന്നു ഇതിനോട് മാൻ സിംഗിന്റെ പ്രതികരണം. ഇക്കാര്യം മനസിൽവെച്ചുകൊണ്ടാണ് ക്യാമറയ്ക്കുമുന്നിൽ പിന്നീട് പ്രകടനം നടത്തിയതെന്നും താരം ഓർത്തെടുത്തു. മനോജ് ബാജ്പേയിക്കുണ്ടായ ഇതേ അനുഭവം സംവിധായകൻ ശേഖർ കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
മാലാ സെൻ രചിച്ച 'ഇന്ത്യാസ് ബൻഡിറ്റ് ക്വീൻ: ദ ട്രൂ സ്റ്റോറി ഓഫ് ഫൂലൻ ദേവി' എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ശേഖർ കപൂർ ബൻഡിറ്റ് ക്വീൻ എന്ന ചിത്രം ഒരുക്കിയത്. മാലാ സെൻ തന്നെയായിരുന്നു തിരക്കഥ. സീമാ ബിശ്വാസ് ആയിരുന്നു ഫൂലൻ ദേവിയായി എത്തിയത്. മികച്ച ഹിന്ദി ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു.
Content Highlights: manoj bajpayee about his experience with dacoit maan singh, bandit queen movie shoot