കേസിൽ തട്ടിതെറിച്ച ദേശീയ ചലച്ചിത്ര അവാർഡ്; മഞ്ഞുമ്മൽ ബോയ്സിന് അംഗീകാരം നഷ്ടമായത് കേസ് മൂലം

ന്യൂഡൽഹി: ചിദംബരം സംവിധാനംചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രം, മികച്ച ജനപ്രിയ ചിത്രം, മികച്ച സംവിധായകൻ, മികച്ച കലാസംവിധാനം എന്നീ അവാർഡുകൾക്കായി പരിഗണിക്കപ്പെട്ടെന്ന് സൂചന. എന്നാൽ, ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തികക്രമക്കേട് ആരോപണത്തിന്റെപേരിൽ പുരസ്കാരം നൽകുന്നത് ഉചിതമാവില്ലെന്ന നിഗമനത്തിൽ ജൂറി എത്തിച്ചേർന്നതായാണ് വിവരം.
കഴിഞ്ഞതവണ ഒരു തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് സമാനനിലയിലുണ്ടായ അനുഭവമാണ് ജൂറിയെ ഇരുത്തിച്ചിന്തിപ്പിച്ചതെന്നു പറയുന്നു. കേന്ദ്രസർക്കാരിന്റെ പ്രൊപ്പഗാൻഡ സിനിമകളെന്ന ആക്ഷേപം നേരിട്ട 'ആർട്ടിക്കിൾ 370', 'സ്വാതന്ത്ര്യ വീര സവർക്കർ' എന്നിവയ്ക്ക് മികച്ച പരിഗണന കിട്ടുകയും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചെടുത്ത 'മഞ്ഞുമ്മൽ ബോയ്സ്', മലയാളത്തിൽനിന്നുതന്നെയുള്ള 'കിഷ്കിന്ധകാണ്ഡം' തുടങ്ങിയ ചിത്രങ്ങളെ തഴയുകയും ചെയ്തത് സിനിമാരംഗത്ത് ഏറെ ചർച്ചയായിട്ടുണ്ട്.
മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിക്കുപുറമേ 'ക്യാപ്റ്റൻ മില്ലറി'ലെ അഭിനയത്തിന് ധനുഷും ഹിന്ദി ചിത്രമായ 'ചന്ദു ചാമ്പ്യനി'ലെ അഭിനയത്തിന് കാർത്തിക് ആര്യനും ഒരുപോലെ നിലയുറപ്പിച്ചു. മമ്മൂട്ടിയുടേത് അസാധാരണമായ അഭിനയമികവാണ് എന്നാണ് ജൂറി വിശേഷിപ്പിച്ചത്. എന്നാൽ, മറ്റു രണ്ടുപേരെക്കൂടി പരിഗണിക്കണമെന്ന് ചില അംഗങ്ങൾ വാദിച്ചു.
മൂന്നുപേർക്ക് പങ്കിടുന്നതിന് സാങ്കേതിക തടസ്സമുണ്ടായതിനാൽ ധനുഷും കാർത്തിക് ആര്യനും തമ്മിലായി പിന്നെ മത്സരം. ഇതിൽ ഭൂരിഭാഗം കാർത്തികിനെ പിന്തുണച്ചു. ധനുഷിന് ജൂറിയുടെ പ്രത്യേക പരാമർശം നൽകാനും തീരുമാനമായി. നടിയുടെ കാര്യത്തിലും സമാനമായ മത്സരമാണുണ്ടായത്. 'ആർട്ടിക്കിൾ 370'ലെ അഭിനയത്തിന് നടി യാമി ഗൗതമിനോട് ഏറ്റുമുട്ടാനുണ്ടായത് തമിഴ് ചിത്രമായ 'അമരനി'ലൂടെ നടി സായ് പല്ലവിയായിരുന്നു. അവസാനം ഭൂരിപക്ഷതീരുമാനപ്രകാരം യാമി ഗൗതം മികച്ച നടിയായി.
Content Highlights: Manjummel Boys was excluded from awards due to financial irregularities in production., Jury prioritized avoiding controversies similar to previous Tamil film disputes., Yami Gautam won Best Actress over Sai Pallavi for Article 370., Kartik Aaryan won Best Actor, with Dhanush receiving a special mention., Debate surrounding the recognition of government-backed films vs popular Malayalam cinema.