പുതിയ ‘മേള’യും സർക്കസ് പശ്ചാത്തലത്തിൽ; മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്ത്

#രശ്മി രഘുനാഥ്
'മേള' പോസ്റ്ററിൽ മമ്മൂട്ടി, കോട്ടയം നാഗമ്പടത്തെ ഗ്രേറ്റ് ബോംബെ സര്‍ക്കസ് ഗ്രൗണ്ടില്‍ ഒരുക്കിയ മരണക്കിണറിന്റെ സെറ്റില്‍നിന്ന് പുറത്തേക്കുവരുന്ന മമ്മൂട്ടി | ഫോട്ടോ: ഫെയ്സ്ബുക്ക്/ മമ്മൂട്ടി, ജി. ശിവപ്രസാദ്/ മാതൃഭൂമി
'മേള' പോസ്റ്ററിൽ മമ്മൂട്ടി, കോട്ടയം നാഗമ്പടത്തെ ഗ്രേറ്റ് ബോംബെ സര്‍ക്കസ് ഗ്രൗണ്ടില്‍ ഒരുക്കിയ മരണക്കിണറിന്റെ സെറ്റില്‍നിന്ന് പുറത്തേക്കുവരുന്ന മമ്മൂട്ടി | ഫോട്ടോ: ഫെയ്സ്ബുക്ക്/ മമ്മൂട്ടി, ജി. ശിവപ്രസാദ്/ മാതൃഭൂമി

കോട്ടയം: വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണി. നാഗമ്പടം മൈതാനത്ത് തമ്പടിച്ച ഗ്രേറ്റ് ബോംബെ സർക്കസിന്റെ കൂടാരത്തിലേക്ക് നടക്കുമ്പോൾ ശ്രദ്ധയിൽപ്പെട്ടത് സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളെപ്പോലെ കുറെയേറെ ആളുകൾ വരിനിന്ന് ഭക്ഷണം വാങ്ങുന്നതും കഴിക്കുന്നതും. ഒരാളോട് വെറുതെ ചോദിച്ചു: ‘‘ഇതെന്താ ഇവിടെ ഷൂട്ടിങ്ങാണോ?’’ അതെയെന്ന് മറുപടി. ആരുടെ ചിത്രമെന്ന ചോദ്യത്തിന് ‘‘മമ്മൂട്ടിയുണ്ട്. ആ കാരവാനിലുണ്ട്.’’ എന്നും ഉത്തരം.

കണ്ണെത്തും ദൂരത്ത് മരണക്കിണർ പോലെയൊന്ന് കെട്ടിപ്പൊക്കിയത് കാണാം. അതിനടുത്ത് കാരവാനുണ്ട്. ചോക്കലേറ്റ് നിറമുള്ള കാരവാൻ. മെല്ലെ അങ്ങോട്ട് നടക്കുമ്പോൾ ഒരു സ്ത്രീ ഒപ്പംകൂടി. ‘‘ഇവിടെ മമ്മൂട്ടിയുണ്ട്. എനിക്കൊന്ന് കാണാൻ ആഗ്രഹമുണ്ട്. ഞങ്ങൾ ഒരേ പ്രായക്കാരാ’’ -അവരുടെ നരച്ചമുടിയിലേക്ക് സംശയത്തോടെ നോക്കുമ്പോൾ അവർ പറഞ്ഞു. ‘‘അത് പിന്നെ ഞാൻ കഴിക്കുന്ന ആഹാരമാണോ മമ്മൂട്ടി കഴിക്കുന്നത്.’’

അല്പംമാറി അത്ര ആകാംക്ഷയൊന്നുമില്ലാതെ ഒരമ്മയും മകനും മരണക്കിണറിന്റെ സെറ്റിലേക്ക് നോക്കിനിൽക്കുന്നു. ‘‘നിങ്ങൾ കണ്ടോ മമ്മൂട്ടിയെ’’-വളരെ നേരമായിട്ടും കണ്ടില്ലെന്നായി അവർ. കറുത്ത ചങ്ങലപോലൊന്ന് കെട്ടി അതിരുതിരിച്ചിട്ടുണ്ട്. അവിടേക്ക് ആർക്കും പ്രവേശനമില്ല. കറുത്ത യൂണിഫോമിട്ട് കുറെ ചെറുപ്പക്കാർ ബ്ലാക്ക് ക്യാറ്റ്സിനെ പോലെ ആരും അങ്ങോട്ട് കടക്കാതെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നു. അപ്പോഴും അധികമാരും അറിയുന്നില്ല അവിടെ അങ്ങനെയൊരു ഷൂട്ടിങ് നടക്കുന്നകാര്യം. ആ മരണക്കിണറിൽ സാക്ഷാൽ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നും.

46 വർഷം; ‘മേള’യിൽ നിന്ന് ‘മേള’യിലേക്ക്

കെ.ജി.ജോർജിന്റെ ക്ലാസ് ചിത്രം 1980-ൽ പുറത്തിറങ്ങിയ ‘മേള’യിൽ മരണക്കി‌ണറിലെ മോട്ടോർ സൈക്കിൾ അഭ്യാസി വേഷമായിരുന്നു, മമ്മൂട്ടിക്ക്. പിന്നെ സിനിമയുടെ കൊടുമുടി കീഴടക്കിയ മമ്മൂട്ടി 46 വർഷത്തിനുശേഷം ‘മേള’യെന്ന പുതിയ ചിത്രത്തിലും സർക്കസ് പശ്ചാത്തലത്തിൽ അഭിനയിക്കുന്നു. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘മേള’ ഒരു മാസ് ചിത്രമാണ്.

മമ്മൂട്ടിയുടെ 75-ാം പിറന്നാളിനായിരുന്നു പുതിയ ‘മേള’യുടെ പ്രഖ്യാപനം. ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും. ആരാധകരുടെ ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വർധിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കറുത്തമുണ്ടും ഷർട്ടും ധരിച്ച് ഫൈറ്റ് സീൻ കഴിഞ്ഞിരിക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടി. അതേവേഷത്തിലാണ് നാഗമ്പടത്തെ മരണക്കിണറിന്റെ പടികളിറങ്ങി മമ്മൂട്ടി വന്നത്. മൂന്നുമണിയോടെ മഴ തകർത്തുപെയ്തപ്പോൾ ഷൂട്ടിങ് പാക്കപ്പായി. മെഗാസ്റ്റാർ നേരേ കാരവാനിലേക്ക്.

Content Highlights: The shooting of Mammootty's upcoming film Mela has officially commenced at Nagampadam in Kottayam. Directed by Nitheesh Sahadev, the movie features a circus backdrop, with sets like a "Well of Death" constructed for the shoot. Mammootty arrived at the location wearing a black shirt and dhoti, matching his avatar in the previously released first-look poster. This circus-centric theme comes 46 years after Mammootty played a motorcycle stuntman in KG George's iconic 1980 film Mela. Rain disrupted the afternoon shoot, prompting the crew to wrap up early as the Megastar returned to his caravan.