സ്റ്റൈലിഷായി മമ്മൂട്ടി, കിടിലൻ BGM, ഒപ്പം വിനായകനും; ആരാധകർക്ക് വിരുന്നായി 'കളങ്കാവൽ' ടീസർ | വീഡിയോ

ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രിയതാരം മമ്മൂട്ടി ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിയെത്തിയെന്ന വാര്‍ത്ത അടുത്തിടെയാണ് മലയാളികള്‍ കേട്ടത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കാകെ ആവേശമായി മമ്മൂട്ടിയുടെ പുതിയ ചിത്രം 'കളങ്കാവലി'ന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്കുശേഷമെത്തുന്ന തന്റെ പുതിയ ചിത്രത്തിന്റെ ടീസറില്‍ ആരാധകര്‍ക്കായി വിരുന്ന് തന്നെയാണ് മമ്മൂട്ടി ഒരുക്കിയിരിക്കുന്നത്.
സണ്‍ ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് മമ്മൂട്ടി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയുടെ സ്വാഗും ക്യാമറാ മൂവ്‌മെന്റും ചേര്‍ന്ന് സ്റ്റൈലിഷാക്കിയ ആ ഷോട്ടിനെ മുജീബ് മജീദ് ഒരുക്കിയ ബിജിഎം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ വിനായകന്‍, അസീസ് നെടുമങ്ങാട്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയ താരങ്ങളേയും കാണാം.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച സൂപ്പര്‍ ഹീറോ ചിത്രമായ 'ലോക'യ്‌ക്കൊപ്പം തിയേറ്ററുകളിലാണ് കളങ്കാവലിന്റെ ടീസര്‍ ആദ്യമായി കാണിച്ചത്. പിന്നാലെ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലും ടീസര്‍ റിലീസ് ചെയ്തു. ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് കളങ്കാവല്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഡ്രാമാ വിഭാഗത്തില്‍ പെടുന്നതാണ്. ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ കഥയെഴുതിയത് ജിതിന്‍ കെ. ജോസായിരുന്നു. ജിതിന്‍ കെ. ജോസിനൊപ്പം ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Kalamkaval movie teaser released | Mammootty, Vinayakan, Azees Nedumangad, Gibin, Jithin K Jose