‘ഞാൻ ആ സിനിമയിൽ ഉണ്ടെന്ന കാര്യം അവർ പറഞ്ഞിരുന്നില്ല’- ലോകയുടെ ഭാഗമായതിങ്ങനെയെന്ന് മമ്മൂട്ടി

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം ലോക ചാപ്റ്റർ 1: ചന്ദ്ര കഴിഞ്ഞ വർഷം തിയേറ്ററുകളിൽ തരംഗമായിരുന്നു. കല്യാണി പ്രിയദർശൻ, നസ്ലിൻ, സാൻഡി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ വാണിജ്യ വിജയമാണ് നേടിയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം (മൂത്തോൻ എന്ന കഥാപാത്രത്തിന്) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചും തന്റെ കഥാപാത്രത്തേക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മെഗാസ്റ്റാർ. ദ ഹോളീവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
‘ഞാൻ ആ സിനിമയിൽ ഉണ്ടെന്ന കാര്യം അവർ എന്നോട് പറഞ്ഞിരുന്നില്ല. ആദ്യം ദുൽഖറല്ല വന്നത്. അവന്റെ മാനേജരും സുഹൃത്തും വന്ന് ഒരു ശബ്ദം നൽകാൻ ആവശ്യപ്പെട്ടു. വേണ്ട എന്ന് പറയുന്ന ഒരു വാക്ക് മാത്രമാണ് ഞാൻ നൽകിയത്. സിനിമയിൽ കാണിച്ച ആ കൈ എന്റെയല്ല. സിനിമ പുറത്തിറങ്ങിയപ്പോഴാണ് അത് ഞാനാണെന്നും എന്റെ കൈയാണെന്നും അവർ പ്രചരിപ്പിച്ചത്. സത്യത്തിൽ അവർ എന്നെ പറ്റിച്ച് ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു’- മമ്മൂട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മമ്മൂട്ടിയെ സമ്മതിപ്പിക്കേണ്ടി വരുമെന്ന് ദുൽഖർ സൽമാൻ നേരത്തെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എനിക്ക് തൃപ്തിയായാൽ മാത്രം പോരാ, എന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ അവർക്കും തൃപ്തിയാകണം. എന്റെ ഫീസ് നൽകാൻ അവർക്ക് കഴിയണം എന്നായിരുന്നു മമ്മൂട്ടി നൽകിയ രസകരമായ മറുപടി.
എങ്കിലും അഭിമുഖത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ വാംപയർ വേഷം ചെയ്യുന്നതിനെക്കുറിച്ച് മമ്മൂട്ടി സൂചന നൽകി. അതൊരു സസ്പെൻസ് ആണെന്നും ഇൻഷാ അള്ളാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഭാഗത്തിൽ കല്യാണി പ്രിയദർശൻ ചന്ദ്ര എന്ന യക്ഷിയായാണ് അഭിനയിച്ചത്. സൂപ്പർനാച്ചുറൽ ശക്തികളുള്ള നിരവധി കഥാപാത്രങ്ങളെ സിനിമ പരിചയപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടുമായി 300 കോടി രൂപ നേടിയ ചിത്രം വലിയൊരു സിനിമാറ്റിക് യൂണിവേഴ്സിനാണ് തുടക്കമിട്ടത്.
മോഹൻലാൽ, ഫഹദ് ഫാസിൽ, നയൻതാര എന്നിവർക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന പേട്രിയറ്റ് മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.
Content Highlights: Mammootty reveals he was unaware of his cameo's impact in Loka Chapter 1., The actor jokingly refers to the casting as a 'trick' by the production team.