മമ്മൂട്ടി ഫാൻസ് കേരളഘടകത്തിന് പുതിയ നേതൃത്വം; ജീവകാരുണ്യമേഖല വിപുലീകരിക്കും

#Movies Desk
മമ്മൂട്ടി ഫാൻസ് ഭാരവാഹികൾ
മമ്മൂട്ടി ഫാൻസ് ഭാരവാഹികൾ

തിരുവനന്തപുരം: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലൻ പീറ്ററിനെ(പത്തനംതിട്ട) തിരഞ്ഞെടുത്തു. അരുൺ എസ്.എസ്. (തിരുവനന്തപുരം) ആണ് സംസ്ഥാന സെക്രട്ടറി. കാസറഗോഡ് സ്വദേശി ഷഫീക്ക് ആണ് ട്രഷറർ.

വൈസ് പ്രസിഡന്റ്: അനൂപ്, കലാം. ജോയിന്റ് സെക്രട്ടറി: ഹാഷിർ, അജയ്. എക്‌സിക്യൂട്ടീവ് അംഗങ്ങൾ: റിസ്വാൻ, സുരാജ്, ഹാഷിം, അമീർ, മണികണ്ഠൻ, നിതിൻ അപ്പു, ആദിത്യൻ, റിച്ചു, പ്രകാശ്. ഓൺലൈൻ മീഡിയ: നൗഷാദ്, ഷഫീഖ്, ഫവാസ്. രക്ഷാധികാരികളായി വി. ഭാസ്‌ക്കറും എസ്. അശോകനും തുടരും.

1987-ൽ സ്ഥാപിതമായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ 40 വർഷങ്ങൾ പിന്നിടുകയാണ്. ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടന, മമ്മൂട്ടി നേതൃത്വം നൽകുന്ന നിരവധി സേവനപ്രവർത്തനങ്ങളുടെ ചാലകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫാൻസ് നേരിട്ടും നിരവധി ജീവകാരുണ്യപദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മൂട്ടിയുടെ എല്ലാ ജന്മദിനങ്ങളിലും കാൽലക്ഷം രക്തദാനമാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ നിർവഹിക്കുന്നത്. രക്തദാനത്തിൽ പങ്കെടുത്തവരിൽനിന്നോ നേതൃത്വം കൊടുത്തവരിൽനിന്നോ മാത്രമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക.

നിലവിൽ 17 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് രണ്ടുലക്ഷംത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഏപ്രിൽ മാസത്തിൽ പതിനായിരക്കണക്കിന് നിർദ്ധന രോഗികൾക്ക് പ്രയോജനമാകുന്ന വലിയ ജീവകാരുണ്യപദ്ധതി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.

Content Highlights: Reorganization of the Mammootty Fans & Welfare Association Kerala state committee. Election of new state president Alan Peter and secretary Arun S.S., Focus on expanding charitable and social welfare activities. Highlighting the organization's 40-year legacy and global blood donation initiatives. Announcement of a major upcoming charity project for patients in April