മമ്മൂട്ടിയും ദുൽഖർ സൽമാനും നേർക്കുനേർ; ഓമും ആകാശംലോ ഒക താരയും ഒരേദിവസം റിലീസ്

#മൂവി ഡെസ്ക്
മമ്മൂട്ടിയും ദുൽഖർ സൽമാനും | ഫോട്ടോ: അറേഞ്ച്ഡ്
മമ്മൂട്ടിയും ദുൽഖർ സൽമാനും | ഫോട്ടോ: അറേഞ്ച്ഡ്

മലയാള സിനിമാപ്രേക്ഷകർ നാളെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ താരചിത്രങ്ങളുടെ പോരാട്ടം. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം - ചാപ്റ്റർ വൺ: ഉധിരം - ദി ബ്ലഡ് വുഡ്’, ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര' (ആകാശത്തിൽ ഒരു താരകം) എന്നിവ നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഇരു ചിത്രങ്ങളും വ്യത്യസ്ത പ്രമേയങ്ങളും താരനിരയുമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

പവൻ സാദിനേനി ഒരുക്കിയ 'ആകാശംലോ ഒക താര' ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പ്രണയവും വൈകാരികതയും ഫീൽ ഗുഡ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം എത്തുന്നത്. ദുൽഖർ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കഥാപാത്രവും പുതുമുഖം സാത്വിക വീരവല്ലി അവതരിപ്പിക്കുന്ന കല്പനയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്.

തമിഴ് താരം ശ്രുതി ഹാസൻ ചിത്രത്തിൽ രോഹിണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ദുൽഖറിന്റെ പുതിയ തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരുവശത്ത് മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയും മറുവശത്ത് ദുൽഖർ സൽമാന്റെ പ്രണയവും വൈകാരികതയും നിറഞ്ഞ പാൻ ഇന്ത്യൻ ചിത്രവും. വ്യത്യസ്ത ജോണറുകളിലുള്ള ഈ രണ്ട് സിനിമകളും ഒരേ ദിവസം തിയേറ്ററുകളിലെത്തുമ്പോൾ മലയാള സിനിമാപ്രേക്ഷകർക്കും ബോക്സ് ഓഫീസിനും നാളെ നിർണായകമായ റിലീസ് ദിനമായിരിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ‘ആകാശംലോ ഒക താര’ പ്രദർശനത്തിനെത്തുന്നത്.

Content Highlights: Malayalam cinema audiences are in for a massive box office clash tomorrow, November 20, as Mammootty and Dhanush's big-budget action drama OM - Chapter One: Udhiram - The Blood Wood releases alongside Dulquer Salmaan's pan-Indian romantic drama Aakasamlo Oka Tara, distributed in Kerala by Wayfarer Films.