വമ്പൻ പ്രൊജക്ടിന്റെ പ്രഖ്യാപനം; പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ഇടവേള പ്രഖ്യാപിച്ച് മമിത ബൈജു

കുറച്ചുകാലത്തേക്ക് സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ച് നടി മമിത ബൈജു. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച രണ്ടുവരി കുറിപ്പിലാണ് മമിതയുടെ പ്രഖ്യാപനം. വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
എല്ലാ സാമൂഹികമാധ്യമങ്ങളിലും ഒരു ഇടവേളയെടുക്കുന്നുവെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടീം അറിയിക്കുമെന്നും മമിത കൂട്ടിച്ചേർത്തു.
ഏറെക്കാലമായി സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് മമിത. ചിത്രങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളാണ് ഏറെയും പങ്കുവെക്കാറുള്ളത്. സ്വന്തം ചിത്രങ്ങളും നടി സാമൂഹികമാധ്യമങ്ങളിൽ സജീവമായി പങ്കുവെക്കാറുണ്ട്. സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളുടെ ജന്മദിനങ്ങളിൽ ഉൾപ്പെടെ ആശംസകളും നടി സാമൂഹികമാധ്യമങ്ങൾ വഴി അറിയിക്കാറുണ്ട്.
ദ റൗട്ട് എന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയാണ് മമിതയുടെ സാമൂഹികമാധ്യമങ്ങൾ കൈകാര്യംചെയ്യുന്നതെന്നാണ് സൂചന. നിർമാതാവും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മുൻമാനേജറുമായ ജഗദീഷ് പളനിസ്വാമിയുടെ നേതൃത്വത്തിലുള്ളതാണ് സ്ഥാപനം. കയാദു ലോഹർ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതായി അടുത്തിടെ അറിയിച്ചിരുന്നു.
പ്രേമലുവിന് ശേഷം അന്യഭാഷാ ചിത്രങ്ങളിൽ സജീവമാണ് മമിത. പ്രേമലു ഇറങ്ങിയ അതേവർഷംതന്നെ റിബൽ എന്ന ചിത്രത്തിൽ ജി.വി. പ്രകാശ്കുമാറിന്റെ നായികയായി. തുടർന്ന്, പ്രദീപ് രംഗനാഥന്റെ നായികയായി ഡ്യൂഡ്, ധനുഷിന്റെ ജോഡിയായി കര എന്നീ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. വിജയ്‌ക്കൊപ്പം ജനനായകനിലും അഭിനയിച്ചു. ഇതുവരെ പുറത്തിറങ്ങാത്ത ചിത്രത്തിൽ, വിജയ്‌യുടെ സഹോദരിയുടെ വേഷത്തിലാണ് നടി എത്തുന്നത് എന്നാണ് സൂചന. സൂര്യയ്‌ക്കൊപ്പമുള്ള വിശ്വനാഥ് ആൻഡ് സൺസും റിലീസിന് ഒരുങ്ങുകയാണ്. ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ് മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ.
അതേസമയം, തമിഴിൽ നായികാ പ്രാധാന്യമുള്ള ചിത്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മമിത സാമൂഹികമാധ്യമങ്ങളിൽനിന്ന് ഇടവേള പ്രഖ്യാപിച്ചത്. സംവിധായകനും നടനുമായ പ്രദീപ് രംഗനാഥൻ നിർമിക്കുന്ന ചിത്രത്തിൽ മമിതയാണ് നായിക. ആറുപേർ ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അശ്വത് മാരിമുത്തു, സ്വാസിക തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു.
Content Highlights: Popular actress Mamitha Baiju has announced a temporary break from all her social media platforms through a brief two-line note. While she did not reveal the exact reason for her sudden departure, she mentioned that her official team will handle all future movie updates. This unexpected announcement comes right after the official launch of her upcoming female-centric Tamil movie produced by Pradeep Ranganathan. Following the massive success of 'Premalu', Mamitha has been highly active in both Malayalam and Tamil cinema, sharing screen space with top stars like Dhanush, Vijay, and Suriya. Notably, other prominent actresses like Kayadu Lohar and Aishwarya Lekshmi had also recently announced similar breaks from social media