'കിരീട'ത്തിനുപിന്നാലെ കാലാപാനിയും കാക്കക്കുയിലും തേന്മാവിൻ കൊമ്പത്തും; റീ റിലീസുകൾ വീണ്ടും

മലയാള സിനിമയിൽ ആവേശമുണർത്തിയ റീ-റിലീസുകൾ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സജീവമാകുന്നു. കിരീടം ഫോർ കെ പതിപ്പ് പത്തിന് തീയേറ്ററിലെത്തും. പിന്നാലെ കാലാപാനി, കാക്കക്കുയിൽ, തേൻമാവിൻ കൊമ്പത്ത്, വെട്ടം എന്നീ ചിത്രങ്ങളും റീ റിലീസിന് തയ്യാറെടുക്കുകയാണ്.
മലയാളം സിനിമകൾ റീമാസ്റ്റർ ചെയ്യുന്നതിൽ സജീവമായിട്ടുള്ള കമ്പനിയായ മാറ്റിനി നൗവാണ് എല്ലാറ്റിന്റെയും അണിയറയിൽ. വെട്ടം, കാക്കക്കുയിൽ സിനിമകളുടെ റീമാസ്റ്റർ പതിപ്പുകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളതിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മൂന്നുവർഷമായി സജീവമായിരുന്ന റീ - റിലീസുകൾക്ക് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നേരിയ മന്ദത നേരിട്ടിരുന്നു. 2026-ൽ 'റൺ ബേബി റൺ', മൊഴിമാറ്റ ചിത്രമായ 'ഹാപ്പി ബി ഹാപ്പി' എന്നിവ മാത്രമാണ് റീ റിലീസ് ചെയ്തത്. പല ചിത്രങ്ങൾക്കും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാകാതിരുന്നതും തുടരെ സിനിമകൾ റീ-റിലീസ് ചെയ്യുന്നത് ലാഭകരമല്ലെന്ന വിലയിരുത്തലുമാണ് എണ്ണം കുറയാൻ കാരണം.
റീ - റിലീസുകൾക്ക് നേട്ടമുണ്ട്
2023-ൽ സ്ഫടികം മുതൽ ഹാപ്പി ബി ഹാപ്പി വരെ 13 ചിത്രങ്ങൾ മലയാളത്തിൽ റീ റിലീസ് ചെയ്തു. ലിമിറ്റഡ് സ്ക്രീനുകളിൽ എത്തിയ ചിത്രങ്ങളുടെ കണക്ക് ഒഴിവാക്കിയാണിത്. ഇതിൽ ദേവദൂതൻ (5.40 കോടി), സ്ഫടികം (4.95), മണിച്ചിത്രത്താഴ് (4.71), രാവണപ്രഭു (4.70), ഛോട്ടാ മുംബൈ (4.37), ഒരു വടക്കൻ വീരഗാഥ (1.53) തുടങ്ങിയ ചിത്രങ്ങൾ നേട്ടമുണ്ടാക്കി.
ചെലവും പ്രിന്റും പ്രശ്നം
പഴയ ഫിലിം പ്രിന്റുകൾ റീമാസ്റ്റർ ചെയ്ത് ഫോർ കെ നിലവാരത്തിലേക്ക് മാറ്റി തീയേറ്റർ റിലീസ് പതിപ്പാക്കാൻ ശരാശരി ഒരുകോടി രൂപ ചെലവുണ്ട്. പ്രൊമോഷൻ ചെലവുകൾ കൂടി കണക്കാക്കിയാൽ റീ റിലീസ് കളക്ഷൻ ഒന്നരക്കോടിക്ക് മുകളിലേക്ക് വന്നാലേ ലാഭമുള്ളൂ. പഴയ പല ചിത്രങ്ങളുടെയും നെഗറ്റീവ് പ്രിന്റുകൾ ലഭ്യമല്ലാത്തതും റീ റിലീസുകൾക്ക് പ്രതിസന്ധിയാണ്.
Content Highlights: After a quiet first half of the year, the highly popular 4K re-release wave in Malayalam cinema is gearing up for a grand resurgence. Leading the pack is the legendary Mohanlal-Sibi Malayil masterpiece Kireedam, which is officially set to hit the big screens in an upgraded 4K format on July 10, 2026. Following closely in the pipeline are massive evergreen hits like Kalapani, Kaakkakuyil, Thenmavin Kombath, and Vettam, all beautifully remastered by digital restoration house Matinee Now.