തകർന്നുപോയി, ഉറക്കമില്ലാത്ത രാത്രികളും ഉത്കണ്ഠയും വേട്ടയാടി; മൗനംവെടിഞ്ഞ് സംവിധായകനെതിരായ കേസിലെ നടി

#Movies Desk
നടി പങ്കുവെച്ച കുറിപ്പ്‌
നടി പങ്കുവെച്ച കുറിപ്പ്‌

അഞ്ചുമാസത്തെ നിശബ്ദതയ്ക്കുശേഷം മനസ് തുറന്ന് മലയാളത്തിലെ പ്രമുഖ സംവിധായകനെതിരായ ലൈംഗികാതിക്രമ കേസിലെ അതിജീവിത. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സങ്കീർണ്ണവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് പരാതിക്കാരിയായ യുവനടി പ്രതികരിച്ചു. ഒരുഘട്ടത്തിൽ എല്ലാം അവസാനിച്ചുവെന്നും ഇനിയൊരിക്കലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയില്ലെന്നും താൻ കരുതിയതായി അവർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

പൂർണമായും തകർന്നുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത പോരാട്ടമായിരുന്നു അത്. ഉറക്കമില്ലാത്ത രാത്രികളും കടുത്ത ഉത്കണ്ഠയും ജനക്കൂട്ടത്തിലേക്ക് ഇറങ്ങാനുള്ള ഭയവും വേട്ടയാടി. കടുത്ത മാനസിക സമർദ്ദം കാരണം 10 കിലോയോളം ശരീരഭാരം വർധിച്ചു. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ പോലും താത്പര്യം നഷ്ടപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി.

'ചില അവസരങ്ങളിൽ എനിക്ക് കരച്ചിൽ നിർത്താൻ ആയില്ല. കണ്ണീരിലാഴ്ന്ന് കിടക്കുമ്പോഴും ഉറക്കെ കരയുമ്പോഴും അതിജീവനത്തിൽ വിശ്വസിക്കുക എന്ന ചിന്തയാണ് കരുത്തായത്. ഈ യാത്ര എന്നെ കൂടുതൽ ശക്തയാക്കാനുള്ളതാണെന്ന് മനസിലാക്കി സാഹചര്യങ്ങൾക്ക് കീഴടങ്ങി. ജീവിതത്തിൽ ആദ്യമായി മറ്റുള്ളവരോട് സഹായം ചോദിക്കാൻ തയ്യാറായി. വീണുപോയ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർ താങ്ങായി നിന്നു. കുടുംബവും സുഹൃത്തുക്കളും അപ്രതീക്ഷിതമായി കടന്നുവന്ന ചില നല്ല മനുഷ്യരും പിന്തുണ നൽകി', നടി തുറന്നുപറഞ്ഞു.

നിലവിൽ കൂടുതൽ കരുത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകാൻ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കിയ അതിജീവിത, പ്രയാസകാലത്ത് തന്നെ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ജീവനോടെയിരിക്കാനും സ്വയം സുഖപ്പെടുത്താനുമായി പൂർണമായും ഫോണിൽനിന്നു മറ്റും മാറിനിന്നതിനാൽ പലരുടെയും കോളുകൾക്ക് മറുപടി നൽകാൻ സാധിക്കാത്തതിൽ അവർ ക്ഷമ ചോദിക്കുന്നുണ്ട്.

തന്റെ ഈ പോരാട്ടത്തിൽ കൂടെ നിന്നവർക്കും കൂടെ നിൽക്കാതിരുന്നവർക്കും നന്ദി പറയുന്നതായി അതിജീവിത കുറിച്ചു. അനുഭവങ്ങളെല്ലാം തന്നെ കൂടുതൽ ശക്തയാക്കി. ഇനിയുള്ള പോരാട്ടങ്ങളിൽനിന്നും താൻ ഒളിച്ചോടില്ലെന്നും പൂർണ്ണശക്തിയോടെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അതിജീവിത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ പരാതി. എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ അറസ്റ്റിലായിരുന്നു. ജാമ്യത്തിലുള്ള സംവിധായകന്റെ പുതിയ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

നേരത്തെ, സംവിധായകനെതിരെ സമാന ആരോപണവുമായി ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. കേസെടുക്കുന്നതിനുള്ള സമയപരിധി അവസാനിച്ചുവെന്ന് കാണിച്ച് ഹൈക്കോടതി നടിയുടെ പരാതിയിൽ നിയമനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Survivor breaks five months of silence regarding the sexual assault case. Details the severe mental health impact, including weight gain and anxiety. Emphasizes the importance of seeking support from family and friends. Confirms commitment to continue the legal fight against the accused director. Acknowledges the support received during the ongoing police investigation