‘അയാളെ ഹീറോയാക്കരുത്, എന്റെ അപ്പനെ കൊന്നയാളാണ് ’

‘ഒരിക്കൽപ്പോലും അപ്പനെ കണ്ടിട്ടില്ല. അപ്പൻ കൊല്ലപ്പെടുമ്പോൾ അമ്മ ഗർഭിണിയായിരുന്നു. എന്റെ ജന്മംമുതലിങ്ങോട്ട് ഞങ്ങൾ അനുവഭിച്ച ദുരിതങ്ങൾ ചെറുതല്ല. കൊലപാതകിയെ ഹീറോയാക്കിമാറ്റി സിനിമയിലൂടെ അപ്പനെ മോശക്കാരനാക്കരുത്.’- പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് സൂത്രധാരനായ കേസിൽ കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിന്റെ വാക്കുകളാണിത്.
സുകുമാരക്കുറുപ്പ് ഒളിവിലായിട്ട് വർഷം 36 ആയി. ജീവിച്ചിരിപ്പുണ്ടോ എന്നതിൽ ആർക്കും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ‘കുറുപ്പ്’ എന്നപേരിൽ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. യഥാർഥ കഥയെ ആസ്പദമാക്കിയാണ് സിനിമയെന്നിരിക്കെ സുകുമാരക്കുറുപ്പിനെ ‘ഹീറോ’യാക്കുന്നതരത്തിലാവും ചിത്രമെന്ന ആശങ്കയാണ് ചാക്കോയുടെ കുടുംബത്തിനുള്ളത്.
പ്രദർശിപ്പിക്കുന്നതിനു മുൻപായി കുടുംബത്തെ കാണിക്കണമെന്ന് ചാക്കോയുടെ ഭാര്യ ശാന്തമ്മ പറഞ്ഞു.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാൻ വിചാരിക്കണം എന്നെ പിടിക്കാൻ’-എന്ന സംഭാഷണം പ്രതിയെ മഹത്വവത്കരിക്കുന്നതാണോ എന്ന സംശയമാണ് ഇവർ ഉയർത്തുന്നത്. തെറ്റായ സന്ദേശം നൽകരുതെന്നാവശ്യപ്പെട്ട് ദുൽഖറിന് വക്കീൽനോട്ടീസ് അയച്ചിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് ആറുമാസമായപ്പോഴാണ് ചാക്കോ കൊല്ലപ്പെടുന്നത്. ശാന്തമ്മയ്ക്ക് കേരള ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ ജോലി നൽകിയിരുന്നു. മകൻ ഇപ്പോൾ ആലപ്പുഴയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
അന്നു സംഭവിച്ചത്
1984-ലായിരുന്നു സംഭവം. അബുദാബിയിലെ മറൈൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സുകുമാരക്കുറുപ്പ് തന്റെ ‘മരണ’ത്തിലൂടെ ഭീമമായ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു നിരപരാധിയായ ചാക്കോയെ കൊലപ്പെടുത്തിയത്. സ്വന്തം ശരീരപ്രകൃതമുള്ള ആളെ അന്വേഷിക്കുന്നതിനിടയിലാണ് അവിചാരിതമായി ചാക്കോ വന്നുപെട്ടത്.
പദ്ധതി നടത്തുന്നതിന് ജനുവരി 21-ന് രാത്രി രണ്ടുകാറുകളിലായി കുറുപ്പും സംഘവും യാത്രതുടങ്ങി. കെ.എൽ.ക്യു 7831 അംബാസഡർ കാറിൽ സുകുമാരക്കുറുപ്പ് തനിച്ചും മറ്റൊരു കാറിൽ കുറുപ്പിന്റെ ഡ്രൈവർ പൊന്നപ്പനും ഭാര്യാസഹോദരീഭർത്താവ് ഭാസ്കരപിള്ളയും ചാവക്കാട് സ്വദേശി ഷാഹുവും. കുറുപ്പിന്റെ കമ്പനിയിലെ ജോലിക്കാരനാണ് ഷാഹു. അബുദാബിയിലിരുന്ന് പദ്ധതി ആസൂത്രണംചെയ്തതും നാട്ടിലെത്തിയതും ഇവർ ഒരുമിച്ചാണ്.
യാത്രയ്ക്കിടെ ഹരിപ്പാട്ടെ തിയേറ്ററിനു മുമ്പിൽനിന്ന് ഫിലിം റപ്രസൻറേറ്റീവ് ആയ ചാക്കോ ഇവരുടെ കാറിനുനേരെ കൈകാട്ടി ആലപ്പുഴയ്ക്ക് ലിഫ്റ്റ് ചോദിച്ചു. തിയേറ്ററിലെ കളക്ഷൻ പരിശോധിച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്നു ചാക്കോ. ഡ്രൈവർക്കൊപ്പം കാറിന്റെ മുൻസീറ്റിലിരുന്ന ചാക്കോയെ പിന്നിലിരുന്ന ഭാസ്കരപിള്ളയും ഷാഹുവും ചേർന്ന് കൊലപ്പെടുത്തി. ചെറിയനാട്ടെ കുറുപ്പിന്റെ വീട്ടിലെത്തി ആളെ തിരിച്ചറിയാതിരിക്കാനായി മൃതദേഹം കത്തിച്ചു. പുലർച്ചേയോടെ കുറുപ്പിന്റെ കാർ കുന്നത്ത് കൊണ്ടുവന്ന് ചാക്കോയുടെ മൃതദേഹം ഡ്രൈവർസീറ്റിലേക്കുവെച്ച് വയലിലേക്ക് തള്ളി കാർ കത്തിക്കുകയായിരുന്നു.
പുറംലോകം അറിഞ്ഞത്
ഗൾഫിൽനിന്ന് അവധിക്കു നാട്ടിലെത്തിയ സുകുമാരക്കുറുപ്പ് ആലപ്പുഴയിലേക്ക് കാറിൽ പോയി തിരികെവന്നില്ല. ഭാസ്കരപിള്ളയുടെ കാർ കുറുപ്പ് വാങ്ങിക്കൊണ്ടുപോയിരുന്നു. ഇതോടെ മരിച്ചത് കുറുപ്പാണെന്ന ധാരണയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകി.
വഴിത്തിരിവായത്
അന്വേഷണത്തിന് നേതൃത്വംനൽകിയ ചെങ്ങന്നൂർ ഡിവൈ.എസ്.പി. സി.എം.ഹരിദാസ്, ഭാസ്കരപിള്ളയുടെ കൈകളിലും തുടയിലുമായി പൊള്ളലേറ്റ പാടുകൾ കണ്ടു. സംശയംതോന്നിയ ഡിവൈ.എസ്.പി. മൃതദേഹം ദഹിപ്പിക്കരുതെന്നും പെട്ടിയിൽ അടക്കി മറവുചെയ്താൽ മതിയെന്നും നിർദേശിച്ചു. ചടങ്ങുകൾ പൂർത്തിയാക്കിയശേഷം ഭാസ്കരപിള്ളയെ ചോദ്യംചെയ്തു. അതിനിടെ ആലപ്പുഴ സനാതനം വാർഡ് കണ്ടത്തിൽ ചാക്കോ എന്ന യുവാവിനെ കാണാനില്ലെന്ന പരാതിയും പുറത്തുവന്നു. വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ ചാക്കോയുടെ കുടുംബം തിരിച്ചറിഞ്ഞതോടെ മരിച്ചത് സുകുമാരക്കുറുപ്പല്ലെന്ന് വ്യക്തമായി.
Content Highlights: Kuruppu, Srinath Rajendran -Dulquer Salmaan movie controversy, Chacko Murder, Victim's wife and son family against Glorifying murderer Sukumara Kurup
Content Highlights: