‘ജീവനിൽ പേടി, വേറെ വഴിയില്ലായിരുന്നു’; അധോലോക നായകന്റെ പാർട്ടിയിൽ പാടേണ്ടിവന്നെന്ന് കുമാർ സാനു

#Movies Desk
കുമാര്‍ സാനു.|Photo credit: AFP
കുമാര്‍ സാനു.|Photo credit: AFP

വിദേശത്ത് അധോലോക നായകന്റെ പാർട്ടിയിൽ ഭീഷണിയെത്തുടർന്ന് പാടേണ്ടി വന്നതിന്റെ ഭീതിജനകമായ ഓർമകൾ പങ്കുവെച്ച് ബോളിവുഡ് ഗായകൻ കുമാർ സാനു. ജീവനിൽ ഭയമുണ്ടായിരുന്നതിനാൽ അവിടെ പാടുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലെന്നും 68-കാരനായ ഗായകൻ വ്യക്തമാക്കി.

ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഹിന്ദി സിനിമാ മേഖലയെ അധോലോകം പൂർണമായി നിയന്ത്രിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് കുമാർ സാനു മനസ്സ് തുറന്നത്. സിനിമാ ലോകത്തുള്ളവർക്ക് ചുറ്റും ഭയാനകമായ അന്തരീക്ഷവും അക്രമസംഭവങ്ങളും അരങ്ങേറിയിരുന്ന കാലമായിരുന്നു അതെന്ന് അദ്ദേഹം ഓർത്തെടുത്തു.

'എനിക്ക് വലിയ ഭയമുണ്ടായിരുന്നു. കാരണം അന്ന് സാഹചര്യം അങ്ങനെയായിരുന്നു. അത്തരമൊരു സിസ്റ്റമാണ് നിലനിന്നിരുന്നത്,' കുമാർ സാനു പറഞ്ഞു.

'ഗുൽഷൻ കുമാർ വെടിയേറ്റു കൊല്ലപ്പെട്ടത് ആ സമയത്തായിരുന്നു' എന്ന് അവതാരകൻ ഓർമിപ്പിച്ചപ്പോൾ, 'എന്റെ കൺമുന്നിൽ തന്നെ നിരവധി കാര്യങ്ങൾ നടന്നിട്ടുണ്ട്. അതിനാൽ ഞാൻ ഏറെ ഭയന്നിരുന്നു. എങ്കിലും അവരോട് സംസാരിച്ച് ഒത്തുതീർപ്പിലെത്താൻ ഞാൻ ശ്രമിക്കുമായിരുന്നു. പകരം അവർ എന്തെങ്കിലും ആവശ്യപ്പെടും; ഇവിടെ വന്നു പാടണം എന്ന് പറയും. അങ്ങനെ എനിക്ക് അവിടെ പോയി പാടേണ്ടി വന്നു,' കുമാർ സാനു ഓർത്തെടുത്തു.

എന്നാൽ, പിന്നീട് ഇക്കൂട്ടർ തന്റെ വലിയ ആരാധകരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആരെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ പറയൂ, ഞങ്ങൾ നോക്കിക്കൊള്ളാം' എന്ന് അവർ തന്നോട് പറയാറുണ്ടായിരുന്നു. 'എന്നെ നോക്കാൻ നിങ്ങൾ വേണ്ട, എന്റെ കാര്യം നോക്കാൻ എനിക്കറിയാം' എന്നായിരുന്നു താൻ മറുപടി നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഷിഖിയിലെ 'ഏക് സനം ചാഹിയേ', 'ദിൽ കാ ആലം', 'ധീരേ ധീരേ സെ', 'മേം ഖിലാഡി തു അനാഡി'യിലെ 'ചുരാ കെ ദിൽ മേരാ', 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിലെ 'തുജേ ദേഖാ തോ' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ കുമാർ സാനു പാടിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീതാസ്വാദകരുടെ പ്രിയഗായകനാണ് കുമാർ സാനു.

Content Highlights: Kumar Sanu shares memories of the underworld's influence on 90s Bollywood. The singer was forced to perform at private underworld parties under life threats. Reflects on the era of fear when figures like Gulshan Kumar were targeted. Describes how his captors eventually became his protectors