'ഒരു പാട്ടു പാടിയാൽ കൂടെപ്പാടുമോ'; കണ്ണാന്തുമ്പി പാടി ചിത്ര, ഏറ്റുപാടി കുട്ടികൾ

കൊച്ചി: ‘‘ആദർശിനെ കുറിച്ച് മുൻപേ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് വരാൻ കഴിഞ്ഞത്. നിങ്ങളെല്ലാം നന്നായിരിക്കണം. അതിനായി ഞാൻ പ്രാർഥിക്കാം. ഒരു പാട്ടു പാടിയാൽ കൂടെപ്പാടുമോ?’’ ഗായിക കെ.എസ്. ചിത്ര ചോദിച്ചപ്പോൾ കുട്ടികൾ തലയാട്ടി. ‘‘കണ്ണാന്തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ...’’മധുരസ്വരമുയർന്നപ്പോൾ കുട്ടികൾ ആഹ്ളാദത്തോടെ കൂടെപ്പാടി.
എറണാകുളം കുരീക്കാട് ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്പെഷ്യൽ സ്‌കൂളിൽ വെള്ളിയാഴ്ച രാവിലെയാണ് ചിത്ര എത്തിയത്. ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എൻ. സത്യനാരായണൻ, സെക്രട്ടറി മഹാദേവൻ പി.ആർ., മറ്റു ഭാരവാഹികളായ സി.വി. ഇഗ്നേഷ്യസ്, പ്രിയദർശിനി രാജ്കുമാർ, ഗീത എൻ.എസ്., വി. പ്രകാശ്, രഘുനാഥൻ, സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് ഗാനാഞ്ജലി
ആദർശിന്റെ റെസിഡെൻഷ്യൽ വില്ലേജിന്റെ ധനശേഖരണാർഥം കൊച്ചിയിൽ നടക്കുന്ന ഗാനാഞ്ജലിയിൽ പങ്കെടുക്കാനായാണ് കെ.എസ്. ചിത്ര എത്തിയത്. റോട്ടറി ക്ലബ് കൊച്ചി സെൻട്രലിന്റെ സഹകരണത്തോടെ ശനിയാഴ്ച വൈകീട്ട് ആറിന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് പരിപാടി. ചിത്രയ്ക്കൊപ്പം മധു ബാലകൃഷ്ണനും നയിക്കുന്ന പരിപാടിയിൽ 20 സംഗീതജ്ഞർ പങ്കെടുക്കും.
എടയ്ക്കാട്ടുവയലിൽ അഞ്ച് ഏക്കറിൽ വരുന്ന റെസിഡെൻഷ്യൽ വില്ലേജിൽ തുടക്കത്തിൽ ഭിന്നശേഷിക്കാരായ 100 കുട്ടികൾക്കാണ് സൗകര്യമൊരുക്കുക.
Content Highlights: KS Chithra visited Adarsh Special School in Kurikkad. Fundraising event 'Gaananjali' scheduled for Saturday at Gokulam Convention Centre, Kochi. Event aims to support a 5-acre residential village for 100 differently-abled children. Madhu Balakrishnan to perform alongside KS Chithra with 20 musicians