‘പ്രിയപ്പെട്ട സഹോദരൻ’; മോദിക്ക് പിന്നാലെ വിജയ്‌യേയും മകളുടെ വിവാഹത്തിന് ക്ഷണിച്ച് ഖുശ്ബു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യേയും മകളുടെ വിവാഹത്തിന് ക്ഷണിച്ച് നടി ഖുശ്ബു സുന്ദർ. വിജയ്‌യെ നേരിൽ സന്ദർശിച്ചാണ് വിവാഹത്തിന് ക്ഷണിച്ചത്. കുടുംബത്തോടൊപ്പമാണ് ഖുശ്ബു മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്.
ഖുശ്ബുവിന്റെ ഭർത്താവ് സംവിധായകനായ സുന്ദർ സി. വിജയ്‌യ്ക്ക് ക്ഷണക്കത്ത് കൈമാറി. ഭാവിമരുമകൻ ശ്രാവൺ ശ്രീനിവാസനും ഇവർക്കൊപ്പമുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ ഖുശ്ബു സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
പ്രിയപ്പെട്ട സഹോദരൻ എന്നാണ് ഖുശ്ബു പോസ്റ്റിൽ വിജയ്‌യെ വിശേഷിപ്പിച്ചത്. കുടുംബത്തിന് വിശിഷ്ടവും അവിസ്മരണീയവുമായ ദിവസമായിരുന്നുവെന്ന് അവർ കുറിച്ചു. 'കുട്ടികൾ വളരേ ആവേശഭരിതരായിരുന്നു. അവർക്ക് വിജയ് യിൽനിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. തിരക്കേറിയ ജോലികൾക്കിടയിലും അദ്ദേഹം മുമ്പത്തെ അതേ ഊഷ്മളതയോടേയും വാത്സല്യത്തോടേയും മനോഹരമായ പുഞ്ചിരിയോടേയും ഞങ്ങൾക്ക് ആതിഥ്യമരുളി. സഹോദരാ, നിന്റെ വിലയേറിയ സമയത്തിനും സ്‌നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി', എന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഖുശ്ബു കുടുംബത്തോടൊപ്പം വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഖുശ്ബുവും ഭർത്താവും സംവിധായകൻ കൂടിയായ സുന്ദർ സിയും ചേർന്ന് പ്രധാനമന്ത്രിക്ക് വിവാഹക്ഷണക്കത്ത് കൈമാറി. ഭാവി മരുമകൻ ശ്രാവൺ ശ്രീനിവാസനും മകൾ അവന്തികയും ഖുശ്ബുവിനും സുന്ദറിനുമൊപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഇരുവരേയും അനുഗ്രഹിച്ചു. പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഖുശ്ബു സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
സുജേഷ് ആനി ഈപ്പൻ സംവിധാനംചെയ്യുന്ന ആരംഭം എന്ന മലയാളം ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവന്തിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്നിരുന്നു. തൃശ്ശൂരിൽ വിവിധ ഇടങ്ങളിലായാണ് ഷൂട്ടിങ്.
കഴിഞ്ഞ തമിഴ്നാട് തിരഞ്ഞെടുപ്പിൽ മധുര സെൻട്രൽ മണ്ഡലത്തിൽ ന്യൂ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായിരുന്നു ഖുശ്ബുവിന്റെ ഭർത്താവ് സുന്ദർ സി. കമൽഹാസൻ നിർമിക്കുന്ന രജനീകാന്ത് ചിത്രത്തിന്റെ സംവിധായകനായി ആദ്യം പ്രഖ്യാപിച്ചിരുന്നത് സുന്ദർ സിയെ ആയിരുന്നു. പിന്നീട് അദ്ദേഹം ചിത്രത്തിൽനിന്ന് പിന്മാറി.
Content Highlights: Actress Khushbu Sundar and director Sundar C met Tamil Nadu CM Joseph Vijay. The meeting was to invite the CM to their daughter's wedding. Khushbu shared warm sentiments on social media, referring to Vijay as her brother. The couple previously extended a wedding invitation to Prime Minister Narendra Modi. Khushbu's daughter Avantika is debuting in the Malayalam film Aarambham