‘ദുൽഖറിനൊപ്പം വേദിയിൽ, ജി.വി പ്രകാശ് ചിത്രത്തിന്റെ പ്രൊമോഷനിൽ പങ്കെടുത്തില്ല’; കയാദുവിന്റെ മറുപടി

#Movies Desk
കയാദു ലോഹര്‍ | Photo: Instagram/ kayadulohar
കയാദു ലോഹര്‍ | Photo: Instagram/ kayadulohar

നായികയായി അഭിനയിച്ച തൊട്ടടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നിന്റെ പ്രൊമോഷൻ പരിപാടിക്ക് മാത്രം പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി കയാദു ലോഹർ. വ്യാഴാഴ്ച ദുൽഖർ സൽമാൻ നായകനായ 'ഐ ആം ഗെയിം' തിയേറ്ററിലെത്തി. ജി.വി. പ്രകാശ് കുമാർ പ്രധാനവേഷത്തിലെത്തുന്ന 'ഇമ്മോർട്ടൽ' വെള്ളിയാഴ്ച തിയേറ്ററിലെത്തും. ഇതിൽ രണ്ടിലും കയാദു ആണ് നായിക.

കഴിഞ്ഞ ദിവസം കാക്കനാട് നടന്ന 'ഐ ആം ഗെയിം' ഓഡിയോ ലോഞ്ചിൽ കയാദു പങ്കെടുത്തിരുന്നു. പിന്നാലെ 'ഇമ്മോർട്ടൽ' പ്രചാരണ പരിപാടികളിൽ നടിയുടെ അസാന്നിധ്യം ചർച്ചയായി. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗലാട്ട പ്ലസിന് അനുവദിച്ച അഭിമുഖത്തിലാണ് കയാദു മറുപടി നൽകിയത്. ഷൂട്ടിങ് തിരക്കിലായതിനാൽ ഒഴിവുകിട്ടാത്തതുകൊണ്ടുമാത്രമാണ് 'ഇമ്മോർട്ടൽ' പ്രൊമോഷന് എത്താതിരുന്നതെന്ന് നടി വ്യക്തമാക്കി.

'ഐ ആം ഗെയിം' പ്രൊമോഷനായി ഒരുദിവസം മാത്രമാണ് പോയത്. അന്ന് മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. ആ സമയത്ത് 'ഇമ്മോർട്ടൽ' ടീമിന് പരിപാടികൾ ഇല്ലായിരുന്നു. സൂര്യക്കൊപ്പമുള്ള മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നു. 'ഐ ആം ഗെയിമി'ന്റെ മറ്റ് പ്രൊമോഷൻ പരിപാടികളിൽ തനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും നടി വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായി പ്രചരിക്കുന്ന കാര്യങ്ങളിൽ ആശങ്കയില്ലെന്ന് നടി വ്യക്തമാക്കി. ഓരോ വ്യക്തിക്കും ഓരോ ചിന്താഗതിയാണ്. ഇത്തരം വിമർശനങ്ങൾ നേരിട്ട് ശീലമായെന്നും അവർ കൂട്ടിച്ചേർത്തു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത 'ഐ ആം ഗെയിം' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആന്റണി വർഗീസ്, മിഷ്‌കിൻ, കതിർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മാരിയപ്പൻ ചിന്ന രചനയും സംവിധാനവും നിർവഹിച്ച 'ഇമ്മോർട്ടൽ' ഫാന്റസി- ഹൊറർ ചിത്രമാണ്. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം 'ജനനായകനു'മായുള്ള ക്ലാഷ് ഒഴിവാക്കാൻ റിലീസ് നീട്ടിവെക്കുകയായിരുന്നു.

Content Highlights: Kayadu Lohar starred as the female lead in back-to-back releases 'I Am Game' and 'Immortal'. The actress addressed the controversy surrounding her absence from 'Immortal' promotional events