ആക്ഷൻ, സസ്പെൻസ്, ആഘോഷം; 'കാസർഗോൾഡു'മായി ആസിഫും സണ്ണിയും വിനായകനും

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാസർഗോൾഡ്'. യൂഡ്ലി ഫിലിംസിന്റെ മലയാളത്തിലെ നാലാമത്തെ ചിത്രമായ 'കാസർഗോൾഡിന്റെ' ടീസർ നിമിഷനേരം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. കഥയുടെ സസ്പെൻസ് പുറത്തുവിടാതെ തന്നെ ഒരു വ്യത്യസ്ത മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ടീസർ.
മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
"കാസർഗോൾഡ് ഞങ്ങളുടെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ യുവാക്കളും പുതിയ ഒത്തിരി ആശയങ്ങളുമുള്ള ടീമാണ്. സിനിമയുടെ മേക്കിങ്ങിൽ ഉണ്ടായിരുന്ന എനർജിയുടെ വളരെ ചെറിയ ശതമാനം മാത്രമാണ് ടീസറിൽ കാണുന്നത്. മികച്ച സിനിമാ അനുഭവം തന്നെ എല്ലാ പ്രേക്ഷകർക്കും ഉണ്ടാകും." സരിഗമ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഫിലിംസ് ആൻഡ് ഇവന്റ്‌സ്, സിദ്ധാർഥ് ആനന്ദ് കപൂറിന്റെ വാക്കുകൾ.
സംവിധായകൻ മൃദുൽ നായറിന്റെ വാക്കുകൾ ഇങ്ങനെ. " ഞാനും ആസിഫും തമ്മിൽ വലിയ കണക്ഷൻ ഉണ്ട്. രണ്ടാമത്തെ കോവിഡ് ലോക്ഡൗൺ സമയത്താണ് കാസർഗോൾഡിന്റെ ഷൂട്ടിങ്ങ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇത്രയും വലിയ പ്രോജക്ട് അങ്ങനെയൊരു സമയത്ത് ഷൂട്ട് ചെയ്യാൻ പാടായിരുന്നു. സരിഗമയുമായി സഹകരിക്കാൻ പറ്റിയതോടെ സിനിമയ്ക്ക് പുതിയ ജീവൻ വരുകയായിരുന്നു."സുപ്രീം സുന്ദർ, ബില്ല ജഗൻ, മാഫിയ ശശി എന്നിവർ ചെയ്ത സ്റ്റണ്ട് സീക്വൻസുകളെ കുറിച്ചും മൃദുൽ വാചാലനായി.
മികച്ചൊരു തിയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുക എന്ന് ആസിഫ് അലി പറഞ്ഞു. മൃദുൽ കഥ പറഞ്ഞപ്പോൾ മുതൽ ഞാൻ എക്സൈറ്റഡ് ആയിരുന്നു. കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച രണ്ട് മൂന്ന് കഥ പശ്ചാത്തലമാണ് സിനിമയിൽ ഉള്ളത്. സിനിമ കാണുമ്പോൾ എനിക്ക് തോന്നിയതുപോലെ തന്നെ പ്രേക്ഷകർക്കും ഇതിലെ സസ്പെൻസും ഡ്രാമയും അനുഭവിച്ചറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ആസിഫ് പറഞ്ഞു.
'കാപ്പ' എന്ന ചിത്രത്തിന് ശേഷം സരിഗമയുമായി ആസിഫ് അലി ഒന്നിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിഷ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തിയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക എന്നതായിരുന്നു സണ്ണി വെയ്ന്റെ വാക്കുകൾ.
തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിന്റെ സംഗീതസംവിധാനം. ലിറിക്കൽ ഗാനം തന്ന പ്രതീക്ഷകൾ ഇരട്ടിയാക്കിയിരിക്കുകയാണ് ടീസർ. യൂട്യൂബിൽ ഇതിനോടകം തന്നെ 1.5 മില്യൻ വ്യൂസാണ് ഗാനം നേടിയത്. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം - ജെബിൽ ജേക്കബ്, അഡീഷണൽ ക്യാമറ - പവി കെ പവൻ. തിരക്കഥ സംഭാഷണം - സജിമോൻ പ്രഭാകർ. സംഗീതം - വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ, സ്റ്റിൽസ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ. ഡിസൈൻ - യെല്ലോടൂത്‌സ് . പി ആർ ഒ- എ എസ് ദിനേശ്, ശബരി.
Content Highlights: kasargold official teaser, asif ali, sunny wayne and vinayakan