ജോലി നഷ്ടപ്പെട്ടാല്‍ ഞാന്‍ ജോലിനല്‍കും; കങ്കണയെ മര്‍ദിച്ച സുരക്ഷാജീവനക്കാരിയെ പിന്തുണച്ച് ദദ്ലാനി

നടിയും മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം, കങ്കണയെ തല്ലിയതിന് സസ്‌പെന്‍ഷനിലായ കുല്‍വിന്ദര്‍ കൗറിന് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിശാല്‍ ഇക്കാര്യം പങ്കുവച്ചത്.
കുല്‍വീന്ദര്‍ കൗറിന് എതിരെ എന്തെങ്കിലും നടപടി ഉണ്ടായാല്‍ താന്‍ ജോലിനല്‍കുമെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശാല്‍ എഴുതി. 'ഞാന്‍ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്റെ കാരണം മനസ്സിലാക്കുന്നു. അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍, ഒരു ജോലി നല്‍കുമെന്ന് ഞാന്‍ ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍.' വിശാല്‍ ദദ്ലാനി കുറിച്ചു.
താന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബോളിവുഡ് സിനിമാപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ രംഗത്തുവരികയുണ്ടായി. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ച സംഭവത്തില്‍ എന്തുകൊണ്ടാണ് സിനിമാപ്രവര്‍ത്തകര്‍ പ്രതികരിക്കാതിരിക്കുന്നതെന്ന് കങ്കണ ചോദിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലാണ് കങ്കണയുടെ പ്രതികരണം. കുറച്ചുസമയത്തിന് ശേഷം നടി അത് നീക്കംചെയ്തു.
പ്രിയ സിനിമാപ്രവര്‍ത്തകരെ, ഒന്നുകില്‍ നിങ്ങള്‍ ആഘോഷിക്കുകയായിരിക്കും. അല്ലെങ്കില്‍ എനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൂര്‍ണ്ണമായും മൗനത്തിലായിരിക്കും. ഓര്‍ക്കുക, നാളെ രാജ്യത്തോ അല്ലെങ്കില്‍ പുറത്തെവിടയോ തെരുവിലൂടെ നടക്കുമ്പോള്‍ ഇസ്രായേലിനെയോ പാലസ്തീനെയോ അനുകൂലിച്ചതിന്റെ പേരില്‍ ഏതെങ്കിലും ഇസ്രായേല്‍ അല്ലെങ്കില്‍ പാലസ്തീന്‍ സ്വദേശികള്‍ നിങ്ങളെ തല്ലുമ്പോള്‍ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ പോരാടുന്നത് കാണാം, കങ്കണ കുറിച്ചു.
സമരംചെയ്യുന്ന കര്‍ഷകരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാണ് താന്‍ കങ്കണയെ മര്‍ദിച്ചതെന്നാണ് കൗര്‍ പറയുന്നത്. തന്റെ അമ്മയും സമരവേദിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുല്‍വിന്ദര്‍ കൗറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് സി.ഐ.എസ്.എഫ്. വ്യക്തമാക്കിയിട്ടുള്ളത്.
'100 രൂപയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നാണ് കങ്കണ റണൗത്ത് അന്ന് പറഞ്ഞത്. അവര്‍ അവിടെ പോയി ഇരിക്കാന്‍ തയ്യാറാകുമോ? അവര്‍ ഈ പ്രസ്താവന നടത്തുന്ന സമയത്ത് എന്റെ അമ്മ അവിടെ ഇരുന്ന് സമരം ചെയ്യുന്നുണ്ടായിരുന്നു', കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു.
'പഞ്ചാബില്‍ ഉയര്‍ന്നുവരുന്ന ഭീകരവാദ'ത്തില്‍ ആശങ്കയുണ്ടെന്നാണ് ഡല്‍ഹിയിലെത്തിയശേഷം കങ്കണയുടെ ആദ്യ പ്രതികരണം. 'സുരക്ഷാപരിശോധന നടക്കുന്നിടത്ത് എന്നെ കാത്തുനിന്നാണ് ആ സ്ത്രീ മര്‍ദിച്ചത്. എന്തിനാണ് മര്‍ദിച്ചതെന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു' എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ സുരക്ഷിതയാണ്. എന്നാല്‍, പഞ്ചാബില്‍ ഉയര്‍ന്നുവരുന്ന ഭീകരവാദത്തെ കുറിച്ചാണ് എന്റെ ആശങ്ക. നമ്മള്‍ അത് എങ്ങനെ കൈകാര്യം ചെയ്യും?', കങ്കണ പറഞ്ഞു.
Content Highlights: music director vishal dadlani offers job for CISF officer kulwinder kaur, Kangana actress MP