'അമ്പട ഉണ്ണീ...'; കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി 'കല്യാണരാമൻ' ടീം

#മൂവീസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്‌നറുകളിൽ ഒന്നായ 'കല്യാണരാമൻ' പുത്തൻ ദൃശ്യ-ശ്രവ്യവിസ്മയങ്ങളോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K അറ്റ്‌മോസ് റീ- റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രമായ 'ഉണ്ണി'യുടെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ദിലീപ് നായകനായെത്തിയ ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ചാക്കോച്ചൻ, പ്രേക്ഷകരുടെ മനസിൽ വലിയ ഇടമാണ് നേടിയെടുത്തത്.

ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി. നായരമ്പലം രചന നിർവഹിച്ച് ലാൽ ക്രിയേഷൻസ് നിർമിച്ച 'കല്യാണരാമൻ' 2002-ലാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും അച്ചുതൻ നായരുമെല്ലാം ചേർത്തുവെച്ച തമാശകൾ മലയാളിക്ക് ഇന്നും മറക്കാനാവാത്തതാണ്.

സമീപകാലത്ത് റീ-റിലീസ് ചെയ്ത് വിജയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ജോലികൾ ചെയ്ത ഹൈ സ്റ്റുഡിയോസാണ് 4K ദൃശ്യമികവിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിലുമായി ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. റീ- റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പി.ആർ.ഒ: പി.ശിവപ്രസാദ്.

Content Highlights: The popular Malayalam comedy entertainer 'Kalyanaraman' is getting a 4K Atmos re-release. A special character poster featuring Kunchacko Boban as 'Unni' was released on the actor's birthday. Directed by Shafi and written by Benny P. Nayarambalam, the original film was released in 2002. Remastering in 4K resolution and Dolby Atmos audio is being handled by High Studios. The official re-release date for the movie will be announced soon by the makers.